ഈജിപ്ഷ്യന്‍ ക്രൈസ്തവര്‍ മര്‍ദ്ദനകാലം വീണ്ടും ഭയക്കുന്നു

Published on

ഈജിപ്തില്‍ ഈ ദിവസങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ വ്യാപകമായ വിധത്തില്‍ നടന്ന അക്രമങ്ങള്‍ അവരുടെ മനസ്സില്‍ ഭീതി നിറയ്ക്കുന്നതായി കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭാദ്ധ്യക്ഷനായ തവദ്രോസ് രണ്ടാമന്‍ പ്രസ്താവിച്ചു. ഹോസ്‌നി മുബാറക്കിനെ പുറത്താക്കി അറബ് വസന്തത്തിന്റെ പിന്‍ബലത്തോടെ മുഹമ്മദ് മുര്‍സി അധികാരത്തില്‍ വന്ന കാലയളവിലായിരുന്നു ഈജിപ്തില്‍ ഏറ്റവും രൂക്ഷമായ വിധത്തില്‍ ക്രൈസ്തവ മതമര്‍ദ്ദനം അരങ്ങേറിയത്. മുസ്ലീം ബ്രദര്‍ ഹുഡ് അധികാരത്തില്‍ നിന്നു പുറത്തായ ശേഷം അക്രമങ്ങള്‍ കുറഞ്ഞിരുന്നു. അതിനു മാറ്റം വരുന്നുണ്ടെന്ന സംശയമാണ് സമീപദിവസങ്ങളിലെ സംഭവങ്ങള്‍ ഉണ്ടാക്കുന്നത്.
ക്രൈസ്തവര്‍ക്കെതിരെ പലതരത്തിലുള്ള കിംവദന്തികള്‍ പ്രചരിപ്പിച്ച ശേഷം അതിന്റെ മറവില്‍ സംഘടിതമായ ആക്രമണങ്ങള്‍ നടത്തുന്നതാണ് രീതി. ക്രൈസ്തവര്‍ വന്‍പള്ളികള്‍ നിര്‍മ്മിക്കുന്നു എന്നതു മുതല്‍ ഇസ്ലാമിനെ അധിക്ഷേപിക്കുന്നു എന്നതുവരെയുള്ള ആരോപണങ്ങളാണ് ഇപ്രകാരം പരത്തുക. ഇതുണ്ടാക്കുന്ന സംഘര്‍ഷങ്ങളുടെ മറവില്‍ വയോധികരായ ക്രൈസ്തവരെ പോലും ആക്രമിക്കുന്നു.
ഈജിപ്തില്‍ രണ്ടായിരം വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന കോപ്റ്റിക് സഭ മുബാറക്കിനു പിന്തുണ നല്‍കിയിരുന്നു. ഏകാധിപതിയായിരുന്നെങ്കിലും മുബാറക്കിന്റെ കാലത്ത് ന്യൂനപക്ഷങ്ങള്‍ ഈജിപ്തില്‍ സുരക്ഷിതരായിരുന്നു. മുബാറക്കിനെ പുറത്താക്കാന്‍ നടന്ന അറബ് വസന്തമെന്ന പ്രക്ഷോഭങ്ങളെ കോപ്റ്റിക് ക്രൈസ്തവര്‍ പിന്തുണച്ചില്ലെന്നു മാത്രമല്ല, അതിനെ പിന്തുണയ്ക്കരുതെന്നു വിശ്വാസികളോടു അന്നത്തെ സഭാനേതൃത്വം ഔദ്യോഗികമായി തന്നെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org