ചെലവ് കുറച്ചും സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്തിയും കത്തോലിക്കാസഭയുടെ സാമ്പത്തികരംഗത്ത് കമ്മി ഇല്ലാതാക്കണമെന്ന് കര്‍ദിനാള്‍ സംഘത്തോട് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു.
റോമന്‍ കൂരിയാ പരിഷ്‌കരണത്തിന്റെ പത്താം വാര്‍ഷികത്തില്‍ കര്‍ദിനാള്‍മാര്‍ക്ക് അയച്ച കത്തിലാണ് മാര്‍പാപ്പ സാമ്പത്തിക രംഗത്തെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കുന്നത്. കത്തോലിക്കാസഭയ്ക്ക് സംഭാവനകള്‍ നല്‍കുന്നവരുടെ ഉദ്ദേശ്യങ്ങള്‍ പാഴാക്കാതെ നോക്കണമെന്നും സമ്പത്ത് കര്‍ക്കശമായും ഗൗരവബുദ്ധിയോടെയും കൈകാര്യം ചെയ്യണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു.
കടത്തിലേക്ക് പോകാതിരിക്കുന്നതിനൊപ്പം ഓരോ സ്ഥാപനവും അവരുടെ ദൗത്യ നിര്‍വഹണത്തിനുള്ള സാമ്പത്തിക സ്രോതസ്സുകള്‍ സ്വയം കണ്ടെത്താന്‍ പരിശ്രമിക്കുകയും വേണം.
സുതാര്യതയുടെയും ഉത്തരവാദിത്വപൂര്‍ണ്ണമായ ധനവിനിയോഗത്തിന്റെയും മാതൃക സൃഷ്ടിക്കണം. മുന്‍ഗണനകള്‍ ശരിയായി നിശ്ചയിച്ചുകൊണ്ട് ചെലവ് ചുരുക്കുന്നതില്‍ മാതൃകയും സഭ നല്‍കണം - മാര്‍പാപ്പ എഴുതി.
വത്തിക്കാനിലെ വിവിധ ഏജന്‍സികള്‍ പരസ്പരം സഹകരിക്കണമെന്നും പണം മിച്ചം ഉള്ളവര്‍ സഭയുടെ മറ്റ് സ്ഥാപനങ്ങളെ സഹായിക്കണമെന്നും കത്തില്‍ മാര്‍പാപ്പ ആവശ്യപ്പെടുന്നു.
സഭയുടെ നന്മ എന്ന ഏക ലക്ഷ്യത്തിനായി ശരിയായ സഹകരണം വിവിധ സ്ഥാപനങ്ങള്‍ക്കിടയില്‍ ഉണ്ടാകണമെന്നും പാപ്പ പറഞ്ഞു.