വിശുദ്ധ നാട്ടില്‍ ക്രൈസ്തവരുടെ എണ്ണം കുറയുന്നു

വിശുദ്ധ നാട്ടില്‍ ക്രൈസ്തവരുടെ എണ്ണം കുറയുന്നു
Published on

വിശുദ്ധ നാട്ടിലെ ക്രൈസ്തവരുടെ എണ്ണം ജനസംഖ്യ യുടെ രണ്ടു ശതമാനത്തിനടുത്തു മാത്രമാണ്. അതു പിന്നെയും കുറയുന്ന സാഹചര്യമാണെങ്കിലും പ്രത്യാശ വിട്ടിട്ടില്ലെന്ന് അവിടത്തെ ബെനഡിക്‌ടൈന്‍ സന്യാസിയായ നിക്കോദേമൂസ് ഷ്‌നാബെല്‍ പറഞ്ഞു. യുദ്ധം, സാമ്പത്തിക പ്രതിസന്ധി, മറ്റു ദുരിതങ്ങള്‍ തുടങ്ങിയവ ജെറുസലേമിലെ ക്രൈസ്തവവിശ്വാസികളുടെ എണ്ണത്തെ ഗുരുതരമായി ബാധിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. ക്രിസ്തുമതം ജനിച്ച നാട്ടില്‍ ജനസംഖ്യയുടെ അഞ്ചോ ആറോ ശതമാനമെങ്കിലും ആക്കുവാന്‍ കഴിഞ്ഞാല്‍ അതു തന്നെ വലിയൊരു നേട്ടമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

1948-ല്‍ ഇസ്രായേല്‍ രാഷ്ട്രം രൂപപ്പെടുമ്പോള്‍, വിശുദ്ധ നാട്ടിലെ ജനസംഖ്യയില്‍ 20 ശതമാനമായിരുന്നു ക്രൈസ്തവര്‍. പിന്നീട് അതു കുറഞ്ഞു വരികയായിരുന്നു. അറബി സംസാരിക്കുന്ന പലസ്തീനിയന്‍ കത്തോലിക്കര്‍, ഹീബ്രു സംസാരിക്കുന്നവര്‍, കുടിയേറ്റക്കാരും അഭയാര്‍ഥികളും എന്നീ വിഭാഗങ്ങളാണ് വിശുദ്ധ നാട്ടിലെ കത്തോലിക്കാസഭയിലുള്ളത്.

തൊഴിലിനു വേണ്ടിയെത്തിയിരിക്കുന്ന കുടിയേറ്റക്കാരാണ് ഇവരില്‍ എണ്ണം കൊണ്ടു കൂടുതല്‍. ഏഷ്യ, കിഴക്കന്‍ യൂറോപ്പ്, അമേരിക്കന്‍ വന്‍കരകള്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ ഒരു ലക്ഷത്തിലേറെ കത്തോലിക്കര്‍ ഇവിടെയുണ്ട്.

അറബ് വംശജരായ ക്രൈസ്തവരില്‍ 60 ശതമാനം പേരും ആശ്രയിക്കുന്നത് ടൂറിസത്തെയാണ്. ടൂറിസമാകട്ടെ 2019-നു ശേഷം തകര്‍ന്ന നിലയിലാണ്. അതോടെ ഭാവി തേടി ജനങ്ങള്‍ നാടു വിടാന്‍ തുടങ്ങി. സഭ ഇസ്രായേല്‍ അനുകൂലമോ പലസ്തീന്‍ അനുകൂലമോ അല്ല, മറിച്ചു മനുഷ്യപക്ഷമാണെന്ന് ഫാ. നിക്കോദേമൂസ് പറഞ്ഞു.

logo
Sathyadeepam Online
www.sathyadeepam.org