
2022-24 കാലയളവില്‍ ക്രൈസ്തവസമൂഹങ്ങള്‍ക്കെതിരായ മര്‍ദനങ്ങള്‍ ഗുരുതരമായ തോതില്‍ വര്‍ധിച്ചതായി എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് (എ സി എന്‍) എന്ന സംഘടന അറിയിച്ചു.
18 രാജ്യങ്ങളിലെ സ്ഥിതിയാണ് ഏറ്റവും ഗുരുതരമായിരിക്കുന്നത്. ഇസ്ലാമിക തീവ്രവാദികള്‍, സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍, കുറ്റവാളി സംഘങ്ങള്‍ തുടങ്ങിയവയാണ് ക്രൈസ്തവര്‍ക്ക് ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്നത്.
ആറ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇസ്ലാമിക കലാപകാരികളുടെ ആക്രമം വര്‍ധിച്ചതായി എ സി എന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇസ്ലാമിക ഭീകരവാദത്തിന്റെ കേന്ദ്രം മധ്യപൂര്‍വ ദേശത്തു നിന്ന് ആഫ്രിക്കയിലേക്ക് നീങ്ങുന്നതായിട്ടാണ് ഇത് സൂചിപ്പിക്കുന്നത് എന്ന് റിപ്പോര്‍ട്ട് പറയുന്നു.
ബുര്‍ക്കിനോഫാസോ, നൈജീരിയ, മൊസാമ്പിക്ക് എന്നിവിടങ്ങളില്‍ ക്രൈസ്തവര്‍ വലിയ മതമര്‍ദനം നേരിടുന്നു. നൈജീരിയയില്‍ ആയിരക്കണക്കിന് ക്രൈസ്തവരാണ് ഇസ്ലാമിക കലാപകാരികളുടെ ആക്രമണങ്ങള്‍ക്ക് ഇരകളാകുന്നത്. കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടയില്‍ ഏകദേശം 56,000 പേര്‍ നൈജീരിയയില്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് കണക്ക്.
ഇവരില്‍ ബഹുഭൂരിപക്ഷവും ക്രൈസ്തവരാണ്.
ചൈന, എറിട്രിയ, ഇന്ത്യ, ഇറാന്‍ എന്നീ രാജ്യങ്ങളുടെ ഭരണകൂടങ്ങള്‍ ക്രൈസ്തവ സമൂഹങ്ങള്‍ക്കെതിരെ ശത്രുതാപരമായ നടപടികള്‍ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട് വിലയിരുത്തുന്നു.