
ശക്തമായ പിരിമുറുക്കങ്ങളാലും രക്തരൂക്ഷിത സംഘര്‍ഷങ്ങളാലും മുദ്രിതമായ ഇന്നത്തെ ലോകത്തില്‍, പരസ്പരം നശിപ്പിക്കുമെന്ന ഭീഷണിയില്‍ അധിഷ്ഠിതമായ സുരക്ഷ, നീതിയുടെ ഉപകരണങ്ങള്‍ക്കും സംഭാഷണത്തിനും സാഹോദര്യത്തിലുള്ള വിശ്വാസത്തിനും വഴിമാറട്ടെയെന്ന് ലിയോ പതിനാലാമന്‍ പാപ്പ ആശംസിച്ചു.
അമേരിക്ക 1945 ആഗസ്റ്റ് 6-ന് ജപ്പാന്‍ നഗരങ്ങളായ ഹിരോഷിമയിലും 9-ന് നാഗസാക്കിയിലും, അണുബോംബാക്രമണം നടത്തിയിട്ട് 80 വര്‍ഷം പിന്നിട്ട ആഗസ്റ്റ് 6-ന് പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ സംസാരിക്കുകയായിരുന്നു പാപ്പ. വര്‍ഷങ്ങള്‍ കടന്നുപോകുന്നു ണ്ടെങ്കിലും, യുദ്ധങ്ങള്‍ക്കെതിരായ, പ്രത്യേകിച്ച് ആണവായുധങ്ങള്‍ മൂലമുണ്ടാകുന്ന നാശത്തിനെ തിരായ ഒരു സാര്‍വത്രിക മുന്നറിയിപ്പാണ് ആ അണുബോംബാക്രമണ ദുരന്തങ്ങള്‍ എന്ന് പാപ്പ പ്രസ്താവിച്ചു.
1945 ആഗസ്റ്റ് 6-ന് രാവിലെ 8.15-ന് അമേരിക്കയുടെ 'ലിറ്റില്‍ ബോയ്' എന്ന അണുബോംബ് ഹിരോഷിമാ നഗരത്തെ ചാമ്പലാക്കിയപ്പോള്‍ പൊലിഞ്ഞത് ഒന്നരലക്ഷത്തിലേറെ ജീവനുകളാണ്. ഹിരോഷിമാക്രമണത്തിനുശേഷം ആഗസ്റ്റ് 9-ന് 'ഫാറ്റ്മാന്‍' അണുബോംബ് നാഗസാക്കിയെ അഗ്‌നിക്കിരയാക്കി.
അവിടെ 80000-ത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. അണുപ്രസരണത്തിന്റെ ഫലമായി പിന്നീട് ഒന്നരലക്ഷത്തോളം പേര്‍ മരണമടഞ്ഞിട്ടുണ്ട്. ഈ ആക്രമണത്തിന്റെ തിക്തഫലമായി രോഗം ബാധിച്ച് ദുരിതജീവിതം നയിക്കുന്നവര്‍ ഇന്നും നിരവധിയാണ്.
അണുബോംബാക്രമണത്തിന്റെ എണ്‍പതാം ഓര്‍മ്മദിനത്തോടനുബന്ധിച്ച് പാപ്പ ഒരു സന്ദേശം ഹിരോഷിമ രൂപത മെത്രാന്‍ അലേക്‌സിസ് മിത്സുറു ഷിരഹാമയ്ക്ക് അയച്ചിരുന്നു.