
ഇസ്ലാം മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം അഗ്‌നിക്കിരയാക്കിയ പാക്കിസ്ഥാ നിലെ ക്രൈസ്തവ ദേവാലയത്തിലെ ഒരു ചാപ്പല്‍ വീണ്ടും തുറന്നു വിശുദ്ധ ബലിയുള്‍പ്പെടെയുള്ള ആരാധനാകര്‍മ്മങ്ങള്‍ ആരംഭിച്ചു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവി ശ്യയിലെ ഫൈസലാബാദിലുള്ള ജരണ്‍വാലയിലെ ക്രൈസ്തവ ദേവാലയം ഓഗസ്റ്റ് 16-നാണ് നശിപ്പിച്ചത്. ആക്രമണത്തില്‍ നിരവധി വീടുകളും തകര്‍ക്കപ്പെട്ടിരുന്നു.
രണ്ടു ക്രൈസ്തവവിശ്വാസികള്‍ ഖുറാന്റെ താളുകള്‍ കീറി ഇസ്ലാം മതവികാരം വ്രണപ്പെടുത്തി എന്ന് ആരോപിച്ച് ഇരുനൂറോളം വരുന്ന ജനക്കൂട്ടം അവിടുത്തെ ക്രൈസ്തവ ദേവാലയം അഗ്‌നിക്കിരയാക്കുകയും മുന്നൂറോളം ക്രൈസ്തവ ഭവനങ്ങള്‍ ആക്രമിക്കുകയുമായിരുന്നു.
സംഭവം രാജ്യത്തൊട്ടാകെ വലിയ പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഉയര്‍ത്തിയിരുന്നു. പാക്കിസ്ഥാന്‍ താല്‍ക്കാലിക പ്രധാന മന്ത്രി അന്‍വര്‍ ഉല്‍ഹഖ്, ലാഹോര്‍ ആര്‍ച്ച്ബിഷപ് സെബാസ്റ്റ്യന്‍ ഷാ, ഫൈസലാബാദ് ബിഷപ് ഇന്ദ്രിയാസ് റഹ്മത്, തുടങ്ങിയവര്‍ അക്രമങ്ങള്‍ക്കിരകളായവരെ സന്ദര്‍ശിക്കുകയും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മുന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സംഭവത്തെ അപലപിച്ചിരുന്നു.
ജരണ്‍വാലയിലെ ഇടവക ദേവാലയം ഇപ്പോഴും തുറക്കാനായിട്ടില്ലെന്നു ഫൈസലാബാദ് രൂപതാ വൈദികനായ ഫാ. ഖാലിദ് മുഖ്താര്‍ അറിയിച്ചു. സര്‍ക്കാരിന്റെ സഹായത്തോടെ ദേവാലയത്തിന്റെ പുനര്‍ നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും, പ്രദേശത്തുള്ള ക്രൈസ്തവര്‍ തങ്ങളുടെ ഭവനങ്ങള്‍ വീണ്ടും താമസയോഗ്യമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇടവകയിലെ കുട്ടികള്‍ സ്‌കൂളുകളില്‍ പോകാന്‍ തുടങ്ങിയിട്ടില്ലെന്നും ഫാ. മുഖ്താര്‍ അറിയിച്ചു. ഇടവകയിലെ 700 കുടുംബങ്ങളില്‍ 300 എണ്ണവും അക്രമങ്ങളില്‍പ്പെട്ടിരുന്നു. ചിലര്‍ക്കു വ്യക്തിവിരോധമുള്ള രണ്ടു പേര്‍ക്കെതിരെ മതനിന്ദ കേസ് ഉണ്ടാക്കുവാന്‍ വേണ്ടി ഖുറാന്റെ പേജുകള്‍ അവരുടെ വീടിനു പുറത്ത് ഇടുകയായിരുന്നുവെന്നു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതു ചെയ്ത മൂന്ന് ഇസ്ലാം വിശ്വാസികളെ പൊലീസ് അറസ്റ്റ് ചെയ്തതായും ഫാ. മുഖ്താര്‍ അറിയിച്ചു.
പാക്കിസ്ഥാനിലെ നിലവിലുള്ള നിയമ വ്യവസ്ഥ അനുസരിച്ച് ഇസ്ലാമിനെതിരെ മത നിന്ദാക്കുറ്റം നടത്തിയാല്‍ ജീവപര്യന്തമോ വധശിക്ഷയോ വരെ ലഭിക്കാം. നിയമം വന്‍ തോതില്‍ ദുരുപയോഗിക്കപ്പെടുന്നുണ്ട്.