വനിതാപൗരോഹിത്യം ഇല്ല, സഭയുടെ പ്രബോധനം സുസ്ഥിരം -വത്തിക്കാന്‍

വനിതാപൗരോഹിത്യം ഇല്ല, സഭയുടെ പ്രബോധനം സുസ്ഥിരം -വത്തിക്കാന്‍
Published on

വനിതകള്‍ക്കു പൗരോഹിത്യം നല്‍കില്ലെന്ന സഭയുടെ പ്രബോധനം അചഞ്ചലമാണെന്നു വത്തിക്കാന്‍ വിശ്വാസകാര്യാലയത്തിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ് ലുയിസ് ലദാരിയ വ്യക്തമാക്കി. ഇതു യേശുവിന്‍റെ തന്നെ തീരുമാനമാണ്. അതുകൊണ്ട് അതു പാലിക്കാന്‍ സഭ പ്രതിജ്ഞാബദ്ധമാണ്. പൗരോഹിത്യത്തിലേയ്ക്കു പുരുഷന്മാരെ മാത്രമാണ് ക്രിസ്തു തിരഞ്ഞെടുത്തത് – ആര്‍ച്ചുബിഷപ് ചൂണ്ടിക്കാട്ടി. വത്തിക്കാന്‍ മുഖപത്രമായ ഒസ്സര്‍വത്തോരെ റൊമാനോയില്‍ എഴുതിയ ലേഖനത്തിലാണ് ആര്‍ച്ചുബിഷപ് ഈ വിഷയം പരിശോധിച്ചു സഭയുടെ നിലപാടുകള്‍ വിശദീകരിച്ചത്.

വനിതകളെ പുരോഹിതരായി അഭിഷേകം ചെയ്യാന്‍ സഭയ്ക്കു കഴിയില്ലെന്ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, പൗരോഹിത്യാഭിഷേകം എന്ന അപ്പസ്തോലിക ലേഖനത്തില്‍ വിശദീകരിച്ചിരുന്നതായി ആര്‍ച്ചുബിഷപ് ഓര്‍മ്മിപ്പിച്ചു. സുവിശേഷത്തിന്‍റെ സന്തോഷം എന്ന ചാക്രികലേഖനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും ഇത് ആവര്‍ത്തിച്ചുറപ്പിക്കുന്നുണ്ട്. പുരുഷപൗരോഹിത്യം എന്നത് സഭയുടെ വിശ്വാസനിക്ഷേപത്തിന്‍റെ ഭാഗമായ ഒരു സത്യമാണ്. വനിതാ പൗരോഹിത്യത്തിനുവേണ്ടിയുള്ള വാദങ്ങള്‍ വിശ്വാസികള്‍ക്കു ഹാനികരമാണ്. കാരണം, അത് അനാവശ്യമായ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നു. പൗരോഹിത്യ കൂദാശയുടെ സ്വഭാവത്തെ കുറിച്ചു മാത്രമല്ല, സഭയുടെ പ്രബോധനാധികാരത്തെ കുറിച്ചും ആശയക്കുഴപ്പങ്ങളുണ്ടാക്കുന്നതാണ് ഇത്തരം വാദങ്ങള്‍ – ആര്‍ച്ചുബിഷപ് വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org