വനിതാപൗരോഹിത്യം ചര്‍ച്ചാവിഷയമാകില്ലെന്നു ജര്‍മ്മന്‍ മെത്രാന്മാരോടു വത്തിക്കാന്‍

വനിതാപൗരോഹിത്യം ചര്‍ച്ചാവിഷയമാകില്ലെന്നു ജര്‍മ്മന്‍ മെത്രാന്മാരോടു വത്തിക്കാന്‍

ജര്‍മ്മന്‍ സഭയിലെ 'സിനഡല്‍ വേ' എന്ന മുന്നേറ്റത്തിന്റെ പ്രതിനിധികളുമായി റോമില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകളില്‍, വനിതാ പൗരോഹിത്യവും സ്വവര്‍ഗലൈംഗികതയും സംബന്ധിച്ച സഭാപ്രബോധനങ്ങളില്‍ മാറ്റം വരുത്തുന്ന കാര്യം വിഷയമാകില്ലെന്നു ജര്‍മ്മന്‍ മെത്രാന്മാര്‍ക്കയച്ച കത്തില്‍ വത്തിക്കാന്‍ വ്യക്തമാക്കി. സഭയുടെ പ്രബോധനങ്ങളില്‍ നിന്നു വ്യതിചലിക്കുന്നത് അനന്തരനടപടികള്‍ക്കു കാരണമായെക്കുമെന്നും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍ എഴുതിയ കത്തില്‍ പറയുന്നു.

സിനഡല്‍ വേ ഉയര്‍ത്തുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈയില്‍ ജര്‍മ്മന്‍ മെത്രാന്‍ സംഘത്തിന്റെ പ്രതിനിധികളുമായി റോമന്‍ കൂരിയ ചര്‍ച്ച നടത്തിയിരുന്നു. ഈ സംഭാഷണങ്ങള്‍ വരുന്ന ജനുവരിയിലും ഏപ്രിലിലും ജൂലൈയിലുമായി തുടരും. സഭാവിജ്ഞാനീയം, നരവംശശാസ്ത്രം, ധാര്‍മ്മികത, ലിറ്റര്‍ജി തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. എന്നാല്‍, വനിതാപൗരോഹിത്യം, സ്വവര്‍ഗലൈംഗികത തുടങ്ങിയ വിഷയങ്ങളില്‍ അതിര്‍വരമ്പുകളുണ്ട്. വനിതകള്‍ക്കു പൗരോഹിത്യം നല്‍കാന്‍ സഭക്ക് അധികാരമില്ലെന്നു വി.ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വ്യക്തമാക്കിയിട്ടുള്ളതാണ്. വനിതകളെ പുരോഹിതരായി അഭിഷേകം ചെയ്യാന്‍ ശ്രമിക്കുന്നത് സഭയില്‍ നിന്നു പുറത്താക്കപ്പെടുന്നതിലേക്കു നയിക്കും. - കാര്‍ഡിനലിന്റെ കത്തില്‍ വിശദീകരിച്ചിരിക്കുന്നു. സ്വവര്‍ഗലൈംഗികതയുടെ കാര്യത്തിലും ഒരു പ്രാദേശികസഭക്ക് ആഗോളസഭയുടേതില്‍ നിന്നു വ്യത്യസ്തമായ വീക്ഷണം സ്വീകരിക്കാനാവില്ലെന്നു കാര്‍ഡിനല്‍ ചൂണ്ടിക്കാട്ടി.

സഭ ആഗോളതലത്തില്‍ ഇപ്പോള്‍ ഒരു സിനഡല്‍ പ്രക്രിയ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അതിനെ മാനിക്കണമെന്നും വത്തിക്കാന്‍ ജര്‍മ്മന്‍ സഭയോട് ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org