അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്ന ലോകം മനോഹരം - കാര്‍ഡിനല്‍ സൂപ്പി

അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്ന ലോകം മനോഹരം - കാര്‍ഡിനല്‍ സൂപ്പി
Published on

അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്ന ഒരു ലോകം കൂടുതല്‍ മനോഹരമായ ഒരു ലോകമാണെന്നു ലോക അഭയാര്‍ത്ഥി ദിനത്തില്‍ ഇറ്റാലിയന്‍ മെത്രാന്‍ സംഘം അധ്യക്ഷന്‍ കാര്‍ഡിനല്‍ മത്തേയോ സൂപ്പി പ്രസ്താവിച്ചു. റോമിലെ ലൂയിസ് സര്‍വകലാശാലയില്‍ ഐക്യരാഷ്ട്ര സഭ അഭയാര്‍ത്ഥി ഏജന്‍സി സംഘടിപ്പിച്ച 'ദി പവര്‍ ഓഫ് എക്‌സ്‌ക്ലൂഷന്‍' എന്ന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു കാര്‍ഡിനല്‍ സൂപ്പി.

ഈ വര്‍ഷം ലോകമെമ്പാടും 12 കോടി ആളുകള്‍ കുടിയൊഴിപ്പിക്കപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ 'ഗ്ലോബല്‍ ട്രെന്‍ഡ്‌സ്' എന്ന പുതിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇത് അഫ്ഗാനിസ്ഥാന്‍ മുതല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ വരെയും ലാറ്റിന്‍ അമേരിക്ക മുതല്‍ കരീബിയന്‍ വരെയും ഉള്ള പ്രദേശങ്ങളിലെ സമാധാനത്തിന്റെയും സുരക്ഷയുടെയും അഭാവമാണെന്ന് കാര്‍ഡിനല്‍ സുപ്പി വ്യക്തമാക്കുന്നു. പലരും സ്വന്തം വീടുകളില്‍ പോലും അഭയാര്‍ത്ഥികളാണ് എന്ന് ഗാസ മുനമ്പിലെ സാഹചര്യം സൂചിപ്പിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.

ആഗോളതലത്തില്‍, കുടിയേറ്റക്കാര്‍ അധിനിവേശക്കാരാണെന്ന ഭയം നിലനില്‍ക്കുന്നതിനു വിരുദ്ധമായി, ഓരോ അഭയാര്‍ത്ഥിയുടെയും 'സമ്പന്നത' തിരിച്ചറിയുകയും ഐക്യദാര്‍ഢ്യം വളര്‍ത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് കാര്‍ഡിനല്‍ ഓര്‍മ്മപ്പെടുത്തി. ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ചു കൊണ്ട് കാര്‍ഡിനല്‍ സൂപ്പി മെഡിറ്ററേനിയന്‍ കടലിനെ ഒരു സെമിത്തേരി എന്ന് വിശേഷിപ്പിച്ചു. പുതിയ യൂറോപ്യന്‍ പാര്‍ലമെന്റ് അഭയം തേടാനുള്ള അവകാശം ഉറപ്പുനല്‍കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org