ഫ്രാന്‍സിസ് മാര്‍പാപ്പ രാജി വയ്ക്കുമോ? അഭ്യൂഹങ്ങളുടെ നിജസ്ഥിതിയിലേയ്ക്ക്

ഫ്രാന്‍സിസ് മാര്‍പാപ്പ രാജി വയ്ക്കുമോ? അഭ്യൂഹങ്ങളുടെ നിജസ്ഥിതിയിലേയ്ക്ക്

ഫ്രാന്‍സിസ് മാര്‍പാപ്പ രാജി വച്ചേക്കുമെന്ന അഭ്യൂഹം കുറെ നാളുകളായി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പരക്കുന്നുണ്ട്. വിരമിച്ച പാപ്പാ എന്ന പദവിയുടെ ഉത്തരവാദിത്വങ്ങളും ദൗത്യങ്ങളും എന്തൊക്കെയെന്നു വിശദീകരിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ ഒരു രേഖ തയ്യാറാക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇതിന്റെ ഒരു പ്രധാന കാരണം. എന്നാല്‍ വത്തിക്കാന്‍ ഇതു സ്ഥിരീകരിച്ചിട്ടില്ല. രാജി വാർത്ത മാർപാപ്പയും നേരിട്ടു നിഷേധിച്ചു. ഉദര ശസ്ത്രക്രിയയോടെ തന്റെ ആരോഗ്യം മെച്ചപ്പെട്ടുവെന്നും മരുന്നുകൾ ഒഴിവാക്കി സാധാരണ ജീവിതത്തിലേക്കു വരാനായി എന്നും അദ്ദേഹം പറഞ്ഞു. ശസ്ത്രക്രിയ ആണ് ഉദര പ്രശ്നങ്ങൾക്കു ശരിയായ പരിഹാരം എന്നു നിർദേശിച്ച പുരുഷ നഴ്സാണ് യഥാർത്ഥത്തിൽ തന്നെ രക്ഷിച്ചതെന്നു പറഞ്ഞ മാർപാപ്പാ അദ്ദേഹത്തിനു നന്ദിയും പറഞ്ഞു.

വിരമിച്ച പാപ്പായുടെ ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിര്‍വചിക്കണമെന്ന ആവശ്യം നേരത്തെ സഭാവൃത്തങ്ങളില്‍ ഉയര്‍ന്നിരുന്നു. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വിരമിച്ച ശേഷം ചില അഭിമുഖങ്ങള്‍ നല്‍കുകയും അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയും ചെയ്തപ്പോഴായിരുന്നു ഇത്. ഇത് സഭാഭരണത്തിലുള്ള ഇടപെടലായി ചിലര്‍ കണ്ടു. ഇപ്പോള്‍ സഭയില്‍ ഒരു 'സജീവ പാപ്പാ സ്ഥാനവും' 'ധ്യാനാത്മക പാപ്പാ സ്ഥാനവും' ഉണ്ടെന്നു ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പ്രൈവറ്റ് സെക്രട്ടറി പറഞ്ഞതും ചര്‍ച്ചാവിഷയമായിരുന്നു. എന്നാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇതിനെ താത്പര്യത്തോടെയാണു വീക്ഷിച്ചത്. വിരമിച്ച പാപ്പാ ഒരു പ്രതിമയല്ലെന്നും അദ്ദേഹം സഭാജീവിതത്തില്‍ പങ്കാളിയാകുന്നുണ്ടെന്നുമായിരുന്നു ഇതു സംബന്ധിച്ച ചോദ്യങ്ങളോടു ഫ്രാന്‍സിസ് പാപ്പായുടെ പ്രതികരണം.

ബെനഡിക്ട് പതിനാറാമന്‍ പാപ്പാ വിരമിച്ചപ്പോള്‍ വിരമിച്ച പാപ്പായെന്ന പദവിയ്ക്ക് പ്രത്യേകമായ നിര്‍വചനങ്ങളുണ്ടാക്കാന്‍ ശ്രമിച്ചിരുന്നില്ല. പാപ്പായെന്ന പേരും ഔദ്യോഗിക വസ്ത്രവും അദ്ദേഹം ഉപേക്ഷിച്ചതുമില്ല. പാപ്പായെന്നത് ഒരു രണ്ടാം മെത്രാഭിഷേകമായി കരുതുന്നതുകൊണ്ടാണ് അതെന്നും ഒരു മെത്രാന്‍ വിരമിച്ചാലും മെത്രാനെന്ന പേരും സ്ഥാനവസ്ത്രങ്ങളും തുടര്‍ന്നും ഉപയോഗിക്കുന്നതുപോലെയാണിതെന്നും അന്നു വിശദീകരിക്കപ്പെട്ടു.

പിയുസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പയെ നാസികള്‍ അറസ്റ്റ് ചെയ്യുമെന്ന ഘട്ടം വന്നപ്പോള്‍ അദ്ദേഹം പാപ്പാ സ്ഥാനം ത്യജിക്കാന്‍ ഉദ്ദേശിച്ചിരുന്നതായി പറയപ്പെട്ടിരുന്നു. 'ഇവിടെ വന്നാല്‍ അവര്‍ കൊണ്ടുപോകുക പിയുസ് പന്ത്രണ്ടാമന്‍ പാപ്പായെ ആയിരിക്കില്ല, കാര്‍ഡിനല്‍ പച്ചെല്ലിയെ മാത്രമായിരിക്കും' എന്ന് അദ്ദേഹം പറഞ്ഞിരുന്നതായും അതിനുള്ള ഒരുക്കങ്ങള്‍ ചെയ്തിരുന്നതായും ആണു പറയുന്നത്. അതുകൊണ്ട് പാപ്പാ സ്ഥാനം ത്യജിക്കുന്നവര്‍ തുടര്‍ന്ന് പഴയ പോലെ കാര്‍ഡിനലായി മാറണമെന്നാണ് ചിലര്‍ വാദിച്ചത്.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈയിടെയുണ്ടായ ഉദര ശസ്ത്രക്രിയയും അനാരോഗ്യവുമാണ് ഇത്തരം ചര്‍ച്ചകള്‍ക്കു കൂടുതല്‍ ശക്തി പകര്‍ന്നിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org