2022-ല്‍ മാര്‍പാപ്പ ഏതൊക്കെ രാജ്യങ്ങള്‍ സന്ദര്‍ശിക്കും?

2022-ല്‍ മാര്‍പാപ്പ ഏതൊക്കെ 
രാജ്യങ്ങള്‍ സന്ദര്‍ശിക്കും?

കോവിഡ് പകര്‍ച്ചവ്യാധി പലയിടങ്ങളിലും തുടരുന്ന സാഹചര്യത്തില്‍ 2022 ലെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അന്താരാഷ്ട്രയാത്രകളുടെ വിവരങ്ങളൊന്നും വത്തിക്കാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഈ വര്‍ഷം നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള ആഗ്രഹം പാപ്പാ നേരത്തെ പ്രകടിപ്പിച്ചിട്ടുണ്ട്. ഒമ്പതു വര്‍ഷത്തെ പാപ്പാ ശുശ്രൂഷയ്ക്കിടെ ഇതിനകം അമ്പതിലേറെ രാജ്യങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു കഴിഞ്ഞു. ഇവയില്‍ 11 ഉം 2019-ലായിരുന്നു. 85 കാരനായ പാപ്പാ കോവിഡിനു മുമ്പത്തേതു പോലെയുള്ള ശ്രമകരമായ യാത്രകള്‍ ഇനി നടത്താനിടയില്ല.

കോവിഡ് മൂലം ഒരു വര്‍ഷത്തിലേറെ നിറുത്തി വച്ച അന്താരാഷ്ട്രയാത്രകള്‍ പാപ്പ 2021 മാര്‍ച്ചില്‍ ഇറാഖ് സന്ദര്‍ശനത്തോടെയാണു പുനഃരാരംഭിച്ചത്. തുടര്‍ന്ന് ഗ്രീസും സൈപ്രസും സ്ലോവാക്യയും സന്ദര്‍ശിച്ചു. ബുഡാപെസ്റ്റില്‍ അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസിലും സംബന്ധിച്ചു.

ആദിവാസി സമൂഹത്തിന്റെ ചരിത്രപരമായ മുറിവുകളുണക്കുന്നതിനു സഭ ശ്രമിച്ചുകൊ ണ്ടിരിക്കുന്ന കാനഡായിലേയ്ക്കു പോകുന്നതിനു മാര്‍പാപ്പ മുന്‍ഗണന നല്‍കുന്നുണ്ടെന്നു കരുതപ്പെടുന്നു. കാനഡായില്‍ നിന്നുള്ള ആദിവാസി പ്രതിനിധികള്‍ വത്തിക്കാനിലെത്തി പാപ്പായുമായി ആദ്യവട്ട സംഭാഷണങ്ങള്‍ നടത്തിയതിനു ശേഷമേ ഈ സന്ദര്‍ശനം സാദ്ധ്യമാകുകയുള്ളൂ. കഴിഞ്ഞ മാസം ഈ സന്ദര്‍ശനം നിശ്ചയിച്ചിരുന്നതാണെങ്കിലും ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനത്തെ തുടര്‍ന്ന് അതു മാറ്റി വച്ചിരുന്നു. സഭ നടത്തിയിരുന്ന ബോര്‍ഡിംഗ് സ്‌കൂളുകളില്‍ താമസിച്ചു പഠിക്കാനെത്തിച്ച ധാരാളം ആദിവാസിക്കുട്ടികള്‍ മുന്‍കാലത്തു മരണപ്പെട്ടുവെന്ന വിവരം പുറത്തുവന്നതിനെ തുടര്‍ന്നു കാനഡായിലെ ആദിവാസിപ്രസ്ഥാനങ്ങള്‍ സഭയ്‌ക്കെതിരെ പ്രക്ഷോഭരംഗത്തിറങ്ങിയിരുന്നു.

2020-ല്‍ നിശ്ചയിച്ചിരുന്നുവെങ്കിലും നടക്കാതെ പോയ പാപുവ ന്യൂഗിനി, ഈസ്റ്റ് തിമൂര്‍ സന്ദര്‍ശനങ്ങളും ഈ വര്‍ഷമുണ്ടാകാനിടയുണ്ട്. ഇന്‍ഡോനേഷ്യ, സിംഗപ്പൂര്‍ എന്നിവയാണു മറ്റു രണ്ടു രാജ്യങ്ങള്‍. 2022-ല്‍ ഉക്രെയിനില്‍ വരാമെന്നു പാപ്പ തങ്ങളോടു സമ്മതിച്ചതായി ഗ്രീക് കത്തോലിക്കാസഭാതലവനായ മേജര്‍ ആര്‍ച്ചുബിഷപ് സ്യാ ത്തോസ്ലാവ് ഷെവ്ചുക് വെളിപ്പെടുത്തിയിരുന്നു. ലെബനോന്‍, ഹംഗറി, കസാഖ്സ്ഥാന്‍, സ്‌പെയിന്‍, കോംഗോ തുടങ്ങിയവയാണു മുന്‍ഗണനാപ്പട്ടികയിലെ ഇതര രാജ്യങ്ങള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org