മ്യൂസിക് ഷോപ്പിലെ ഫോട്ടോ വൈറല്‍, പത്രക്കാരന്റെ ക്ഷമാപണം: നര്‍മബോധം കൈവിടരുതെന്നു പാപ്പ

മ്യൂസിക് ഷോപ്പിലെ ഫോട്ടോ വൈറല്‍, പത്രക്കാരന്റെ ക്ഷമാപണം: നര്‍മബോധം കൈവിടരുതെന്നു പാപ്പ

സംഗീത റെക്കോഡുകള്‍ വില്‍ക്കുന്ന ഒരു കടയില്‍ പോയി മടങ്ങുകയായിരുന്ന പാപ്പായുടെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയും ചെറിയ വീഡിയോയും റോമിലെ ഒരു പത്രക്കാരന്‍ പകര്‍ത്തുകയും തന്റെ ട്വിറ്ററിലിടുകയും ചെയ്തു. ഇവ പെട്ടെന്നു വൈറലായി. മാര്‍പാപ്പ എന്തായിരിക്കാം കടയില്‍ നിന്നു വാങ്ങിയിട്ടുണ്ടാകുക എന്ന ചര്‍ച്ചകളും സജീവമായി. പാപ്പായുടെ പഴയ ഒരു സുഹൃത്തിന്റെ കടയാണ് അതെന്നും പുതുക്കി പണിത കട ആശീര്‍വദിക്കാനാണു പാപ്പ പോയതെന്നും പിന്നീടു വിശദീകരിക്കപ്പെട്ടു. തുടര്‍ന്ന്, ഇങ്ങനെയൊരു സ്വകാര്യസന്ദര്‍ശനവേളയില്‍ എത്തിനോക്കി ഫോട്ടോയെടുത്തതിനും സ്വകാര്യത നശിപ്പിച്ചതിനും മാപ്പു ചോദിച്ച് പത്രക്കാരനായ മാര്‍ട്ടിനെസ് ബ്രോക്കല്‍ മാര്‍പാപ്പയ്ക്കു കത്തയച്ചു. വളരെ അപ്രതീക്ഷിതമായി ഈ കത്തിനയച്ച മറുപടിയിലാണ് 'നര്‍മബോധം കൈവിടേണ്ടതില്ലെന്നു' പാപ്പാ പത്രക്കാരനെ പാപ്പാ ആശ്വസിപ്പിച്ചത്. സ്വകാര്യതാനഷ്ടം ഒരു പ്രശ്‌നം തന്നെയാണെന്നു പാപ്പാ സമ്മതിക്കുകയും ചെയ്തു. 'ബ്യൂവെനസ് അയേഴ്‌സില്‍ തെരുവുകളിലൂടെ നടക്കുന്നതും ഒരിടവകയില്‍ നിന്ന് അടുത്ത ഇടവകയിലേയ്ക്കു നടന്നു പോകുന്നതും പതിവായിരുന്നു. ഇവിടെ അതു സാധിക്കുന്നില്ല,' പാപ്പാ കത്തില്‍ എഴുതി.

ആളുകള്‍ ദുരന്തവാര്‍ത്തകള്‍ മാത്രം കേള്‍ക്കുന്ന സമയത്ത് ചെറിയൊരു ചിരി പകരാനാണു താന്‍ ഈ ഫോട്ടോ എടുത്തു സോഷ്യല്‍ മീഡിയായില്‍ ഇട്ടതെന്നു മാര്‍ട്ടിനെസ് പാപ്പായ്‌ക്കെഴുതിയിരുന്നു. ''നിങ്ങളുടെ ജോലി നിറവേറ്റുന്നതിനു നന്ദി, അതു പാപ്പായെ അല്‍പം ബുദ്ധിമുട്ടിച്ചിട്ടായാലും,'' എന്നായിരുന്നു പാപ്പായുടെ മറുപടി.

കടയുടമ സമ്മാനിച്ച ഒരു സീഡിയും മടങ്ങുമ്പോള്‍ പാപ്പായുടെ കൈയിലുണ്ടായിരുന്നു. പാപ്പാ സംഗീതപ്രേമിയായി അറിയപ്പെടുന്നയാളാണ്. പാപ്പായുടെ മ്യൂസിക് ലൈബ്രറിയില്‍ രണ്ടായിരത്തോളം സിഡികളുണ്ട്. വ്യക്തിപരമായ ശേഖരവും സമ്മാനം ലഭിച്ചവയും ഇതിലുണ്ട്. കൂടുതലും ശാസ്ത്രീയസംഗീതമാണെന്ന് ലൈബ്രറിയുടെ ചുമതല വഹിക്കുന്ന വത്തിക്കാന്‍ സാംസ്‌കാരികകാര്യാലയം അറിയിച്ചു. അര്‍ജന്റീനയിലെ നാടോടിസംഗീതവും എല്‍വിസ് പ്രസ്ലിയുടെ സുവിശേഷഗാനങ്ങളും ഇവയിലുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org