നാം സൃഷ്ടിയുടെ ഭാഗമാണ്, യജമാനന്മാരല്ല: മാര്‍പാപ്പ

നാം സൃഷ്ടിയുടെ ഭാഗമാണ്, യജമാനന്മാരല്ല: മാര്‍പാപ്പ
Published on

പരസ്പരബന്ധിതമായ ജീവശൃംഘലയുടെ ഭാഗമാണു നാം, അതിന്റെ യജമാനന്മാരല്ല എന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. സൃഷ്ടിജാലത്തിലെ നമ്മുടെ ഈ ശരിയായ സ്ഥാനത്തേയ്ക്കു മടങ്ങാനുള്ള പ്രകൃതിയുടെ ആഹ്വാനമാണ് നാമിന്നു കേള്‍ക്കുന്നത്. ജൈവവൈവിദ്ധ്യത്തിന്റെ ശിഥിലീകരണവും കാലാവസ്ഥാവ്യതിയാനങ്ങളും ഇന്നത്തെ പകര്‍ച്ചവ്യാധി പാവങ്ങളിലുണ്ടാക്കുന്ന അനീതിപരമായ ആഘാതവുമെല്ലാം ഭ്രാന്തമായ ഉപഭോഗത്വരയില്‍ നിന്ന് ഉണരാനുള്ള വിളിയാണ് – പരിസ്ഥിതിക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനാദിനാചരണത്തോടനുബന്ധിച്ചു പുറപ്പെടുവിച്ച സന്ദേശത്തില്‍ മാര്‍പാപ്പ പറഞ്ഞു.
കോവിഡ് പകര്‍ച്ചവ്യാധി ഒരു ആത്മപരിശോധനയ്ക്കുള്ള നിര്‍ണായക നിമിഷമാണ് സമ്മാനിച്ചിരിക്കുന്നതെന്നു പാപ്പാ അഭിപ്രായപ്പെട്ടു. ഊര്‍ജോപഭോഗം, ഗതാഗതം, ഭക്ഷ്യരീതികള്‍ തുടങ്ങിയവ സംബന്ധിച്ച ശീലങ്ങള്‍ പുനരാലോചനയ്ക്കു വിധേയമാക്കണം. ഉത്പന്നങ്ങളുടെ ഉത്പാദനം, വ്യാപാരം, ഗതാഗതം എന്നിവയിലെ വ്യര്‍ത്ഥവും വിനാശകരവുമായ വശങ്ങള്‍ ഇല്ലാതാക്കണം. കൂടുതല്‍ ലളിതവും സുസ്ഥിരവുമായ ജീവിതശൈലികള്‍ പുനരാവിഷ്‌കരിക്കണം. പുതിയ ജീവിതരീതികള്‍ വികസിപ്പിക്കുന്നതിനുള്ള അവസരമാണ് ഈ പ്രതിസന്ധി നമുക്കു നല്‍കിയിരിക്കുന്നത്. വിശ്രമിക്കാന്‍ അനുവദിച്ചാല്‍ ഭൂമി സ്വയം വീണ്ടെടുക്കുമെന്നു നാം കണ്ടുകഴിഞ്ഞു. വായുവും ജലവും ശുദ്ധമാകുകയും അപ്രത്യക്ഷമായിരുന്നയിടങ്ങളിലേയ്ക്കു ജീവജാലങ്ങള്‍ മടങ്ങിയെത്തുകയും ചെയ്യുമെന്നു നാം കണ്ടല്ലോ. ഭൂമിക്ക് അതിനാവശ്യമായ വിശ്ര മം നല്‍കുന്ന ജീവിതശൈലികള്‍ നാം കണ്ടെത്തണം – മാര്‍പാപ്പ വിശദീകരിച്ചു.
2015 ല്‍ പരിസ്ഥിതി സംബന്ധമായ ലൗദാത്തോ സി എന്ന ചാക്രികലേഖനം പ്ര സിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് പരിസ്ഥിതിക്കു വേണ്ടിയുള്ള ആഗോള പ്രാര്‍ത്ഥനാദിനാചരണം മാര്‍പാപ്പ പ്രഖ്യാപിച്ചത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org