റഷ്യ-ഉക്രെയ്ന്‍ യുദ്ധം: വത്തിക്കാന്‍ ചൈനയുമായി സംസാരിച്ചു

റഷ്യ-ഉക്രെയ്ന്‍ യുദ്ധം: വത്തിക്കാന്‍ ചൈനയുമായി സംസാരിച്ചു
Published on

തുടരുന്ന റഷ്യ ഉക്രെയ്ന്‍ യുദ്ധത്തിന് സമാധാനപരമായ പരിഹാരം ഉണ്ടാക്കുന്നതിന് നടത്തിവരുന്ന നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി വത്തിക്കാന്‍ പ്രതിനിധി കാര്‍ഡിനല്‍ മത്തെയോ സൂപ്പി ചൈനീസ് ഭരണകൂടത്തിന്റെ പ്രതിനിധിയുമായി സംഭാഷണം നടത്തി. ചൈനയുടെ യൂറോപ്പ്യന്‍ കാര്യങ്ങള്‍ക്കുള്ള പ്രത്യേക പ്രതിനിധി ലി ഹുയിയുമായി ടെലിഫോണിലായിരുന്നു കാര്‍ഡിനലിന്റെ സംഭാഷണം.

കഴിഞ്ഞ സെപ്തംബറില്‍ കാര്‍ഡിനല്‍ ബീജിങ്ങില്‍ എത്തി ഇദ്ദേഹവുമായി സംഭാഷണം നടത്തിയിരുന്നു. റഷ്യ ഉക്രെയ്ന്‍ സമാധാന സ്ഥാപനത്തിനുള്ള നിരവധി നയതന്ത്ര യാത്രകളുടെ ഭാഗമായിട്ടാണ് അന്ന് കാര്‍ഡിനല്‍ ബീജിങ്ങും സന്ദര്‍ശിച്ചത്. ഉക്രെയ്‌നിലെ കീവ്, മോസ്‌കോ വാഷിംഗ്ടണ്‍ തുടങ്ങിയ സ്ഥലങ്ങളും അന്ന് കാര്‍ഡിനല്‍ സന്ദര്‍ശിച്ചിരുന്നു.

റഷ്യ-ഉക്രെയ്ന്‍ പ്രശ്‌നത്തില്‍ സംഭാഷണം വളര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നീതിപൂര്‍വകവും സുസ്ഥിരവുമായ സമാധാനം സ്ഥാപിക്കുന്നതിന് ആവശ്യമായ അന്താരാഷ്ട്ര ധാരണകളെക്കുറിച്ചും ആയിരുന്നു കാര്‍ഡിനലും ചൈനീസ് പ്രതിനിധിയും തമ്മിലുള്ള സംഭാഷണം എന്ന് വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

പത്തു വര്‍ഷം ചൈനയുടെ റഷ്യന്‍ അംബാസിഡറും വിദേശകാര്യ ഉപമന്ത്രിയുമായി സേവനം ചെയ്തിട്ടുള്ള ആളാണ് സംഭാഷണത്തില്‍ പങ്കെടുത്ത ചൈനീസ് പ്രതിനിധി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org