വത്തിക്കാനും ഒമാനും പൂര്‍ണ നയതന്ത്രബന്ധം സ്ഥാപിച്ചു
ഗള്‍ഫിലെ മുസ്ലീം രാഷ്ട്രമായ ഒമാനുമായി വത്തിക്കാന്‍ പൂര്‍ണ നയതന്ത്രബന്ധം സ്ഥാപിച്ചു. ഇതോടെ ലോകത്തില്‍ വത്തിക്കാനുമായി നയതന്ത്രബന്ധമില്ലാത്ത രാഷ്ട്രങ്ങളുടെ എണ്ണം ആറായി ചുരുങ്ങി. യു എന്നിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ് ഗബ്രിയേലെ കാച്ചിയായും ഒമാന്‍ പ്രതിനിധി ഡോ. മൊഹമ്മദ് അല്‍ ഹസ്സനുമാണ് ന്യൂയോര്‍ക്കിലെ ഒമാന്‍ ആസ്ഥാനത്ത് ഇതു സംബന്ധിച്ച രേഖകളില്‍ ഒപ്പു വച്ചത്. പരസ്പരധാരണ വളര്‍ത്താനും സൗഹൃദവും സഹകരണവും ശക്തമാക്കാനും ഈ നടപടി സഹായകരമാകുമെന്നു ഇരുരാജ്യങ്ങളും സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവന പ്രത്യാശിക്കുന്നു. ഒമാനില്‍ വത്തിക്കാന്റെ സ്ഥാനപതി കാര്യാലയം സ്ഥാപിതമാകും. ഒമാനില്‍ നാല് കത്തോലിക്കാ ഇടവകകളും ഒരു ഡസനോളം വൈദികരും ഉണ്ട്.
സലേഷ്യന്‍ വൈദികനായ മലയാളി ഫാ. ടോം ഉഴുന്നാലിനെ 2016 ല്‍ യെമനില്‍ തട്ടിക്കൊണ്ടുപോയതിനെ തുടര്‍ന്ന്, 2017 മുതല്‍ വത്തിക്കാനും ഒമാന്‍ സുല്‍ത്താനേറ്റും തമ്മില്‍ ബന്ധം പുലര്‍ത്താനാരംഭിച്ചിരുന്നു. ഫാ. ഉഴുന്നാലിന്റെ മോചനത്തില്‍ ഒമാന്‍ ഭരണകൂടം നിര്‍ണായക പങ്കു വഹിച്ചിരുന്നു. മോചനത്തെ തുടര്‍ന്ന് വത്തിക്കാന്‍ പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ ഒമാന്‍ സുല്‍ത്താന്റെയും സുല്‍ത്താനേറ്റിലെ ഇതര അധികാരികളുടെയും പങ്കിനെ പ്രത്യേകമായി പരാമര്‍ശിക്കുകയും ചെയ്തു.
വത്തിക്കാനുമായി ഔദ്യോഗിക ബന്ധങ്ങളൊന്നുമില്ലാത്ത രാജ്യങ്ങള്‍ ഇപ്പോള്‍ സൗദി അറേബ്യ, ഭൂട്ടാന്‍, ചൈന, ഉത്തര കൊറിയ, മാല്‍ദിവ്‌സ്, തുവാലു എന്നിവയാണ്. കൊമോറോസ്, സോമാലിയ, ബ്രൂണൈ, ലാവോസ് എന്നീ രാജ്യങ്ങളില്‍ അപ്പസ്‌തോലിക് പ്രതിനിധികളുണ്ട്.