ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു മാമ്മോദീസാ നല്‍കാമെന്നു വത്തിക്കാന്‍

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു മാമ്മോദീസാ നല്‍കാമെന്നു വത്തിക്കാന്‍

സ്വയം ട്രാന്‍സ്‌ജെന്‍ഡര്‍ എന്നു മനസ്സിലാക്കുന്ന മുതിര്‍ന്ന വ്യക്തികള്‍ക്കും ലിംഗഗമാറ്റശസ്ത്രക്രിയകള്‍ക്കു വിധേയരായിട്ടുള്ളവര്‍ക്കും ജ്ഞാനസ്‌നാനം സ്വീകരിക്കാവുന്നതാണെന്നു വത്തിക്കാന്‍ വിശ്വാസകാര്യാലയം വ്യക്തമാക്കി. തങ്ങളുടെ ലിംഗസ്വത്വം ട്രാന്‍സ്‌ജെന്‍ഡറാണെന്നു തോന്നുന്ന കുട്ടികള്‍ക്കോ കൗമാരക്കാര്‍ക്കോ മതിയായ ഒരുക്കവും സന്നദ്ധതയും ഉണ്ടെങ്കില്‍ ജ്ഞാനസ്‌നാനം സ്വീകരിക്കുന്നതില്‍ പ്രശ്‌നമില്ലെന്നും കാര്യാലയം വിശദീകരിച്ചു. ബ്രസീലില്‍ നിന്നുള്ള ബിഷപ് ജ്വിസെപ്പെ നെഗ്രിയുടെ അന്വേഷണത്തിനുള്ള മറുപടിയായിട്ടാണ് ഈ വിശദീകരണം നല്‍കിയിരിക്കുന്നത്. എല്‍ജിബിടിക്യൂ സമൂഹത്തിന്റെ അജപാലനം സംബന്ധിച്ച ചര്‍ച്ചകള്‍ സഭയില്‍ തുടരുന്നതിനിടെയാണ്, അതിനു കൂടുതല്‍ വ്യക്തത നല്‍കുന്ന ഈ രേഖ വരുന്നത്. മാര്‍പാപ്പയും വിശ്വാസകാര്യാലയം അധ്യക്ഷന്‍ കാര്‍ഡിനല്‍ വിക്ടര്‍ ഫെര്‍ണാണ്ടസുമാണ് രേഖയില്‍ ഒപ്പു വച്ചിരിക്കുന്നത്.

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് മാമോദീസാകളില്‍ തലതൊടാനും വിവാഹങ്ങളില്‍ സാക്ഷിയാകാനും കഴിയുമോ, കൃത്രിമഗര്‍ഭധാരണത്തിലൂടെ ജനിക്കുന്നതും സ്വവര്‍ഗദമ്പതികള്‍ ദത്തെടുക്കുന്നതുമായ കുട്ടികള്‍ക്കു മാമോദീസാ നല്‍കാമോ എന്നീ വിഷയങ്ങളും രേഖ പരിശോധിക്കുന്നുണ്ട്. സഭാസമൂഹത്തിന് ആശയക്കുഴപ്പമോ ഉതപ്പോ ഉണ്ടാകുന്നില്ലെങ്കില്‍ മാമോദീസാ കര്‍മ്മത്തില്‍ തലതൊടുന്നതിന് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ അനുവദിക്കാമെന്നു രേഖ പറയുന്നു. വിശ്വാസജീവിതം നയിക്കുന്നവരായിരിക്കണം എന്നതാണു പ്രധാനം. കുട്ടികളെ വിശ്വാസത്തില്‍ വളര്‍ത്താന്‍ ബാധ്യതയുള്ളവരുമാകണം അവര്‍. വിവാഹത്തിനു സാക്ഷിയാകുന്നതില്‍ നിന്ന് ഇത്തരം വ്യക്തികളെ വിലക്കുന്ന നിയമങ്ങളൊന്നും ഇപ്പോള്‍ കത്തോലിക്കാസഭയില്‍ ഇല്ലെന്നും രേഖ ചൂണ്ടിക്കാട്ടി.

സ്വവര്‍ഗപ്രേമികളുടെ കേവലമായ ഒത്തുതാമസവും സുസ്ഥിരവും പ്രഖ്യാപിതവുമായ രീതിയില്‍ സമൂഹം 'ഭാര്യാഭര്‍ത്താക്കന്മാരെ പോലെ' അംഗീകരിക്കുന്ന നിലയിലുളള സഹവാസവും വ്യത്യസ്തമാണെന്നു രേഖ സൂചിപ്പിക്കുന്നു. അജപാലനപരമായ വിവേകമാണ് ഇവിടെയെല്ലാം പരമപ്രധാനമായിട്ടുള്ളതെന്നും വത്തിക്കാന്‍ വ്യക്തമാക്കി. കത്തോലിക്കാസഭയുടെ വേദോപദേശവും വി.തോമസ് അക്വീനാസിന്റെയും വി.അഗസ്റ്റിന്റെയും പ്രബോധനങ്ങളും ഉദ്ധരിച്ചുകൊണ്ടാണ് ഈ വിശദീകരണം തയ്യാറാക്കിയിട്ടുള്ളത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org