കുടിയേറ്റക്കാരെ സഹായിച്ചതിന്റെ അനുഭവങ്ങൾ തേടി വത്തിക്കാൻ

കുടിയേറ്റക്കാരെ സഹായിച്ചതിന്റെ അനുഭവങ്ങൾ തേടി വത്തിക്കാൻ
Published on

കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും സ്വാഗതം ചെയ്തതുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവെക്കാൻ ലോകമെങ്ങുമുള്ള കത്തോലിക്കരോട് വത്തിക്കാൻ ആവശ്യപ്പെടുന്നു. ആഗോള കുടിയേറ്റ അഭയാർത്ഥി ദിനാചരണത്തിനു മുന്നോടിയായി പുറപ്പെടുവിച്ച വീഡിയോ സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ ഈ വിഷയം ഉന്നയിക്കുന്നുണ്ട്. ഇതിനുള്ള ഉത്തരങ്ങൾ ഹ്രസ്വ വീഡിയോയും വിചിന്തനവും ഫോട്ടോകളുമായി നൽകാനാണ് വത്തിക്കാൻ സമഗ്ര മനുഷ്യ വികസന കാര്യാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

മാർപാപ്പയുടെ വീഡിയോ സന്ദേശത്തിൽ ഫ്രാൻസിലെ ഒരു കത്തോലിക്കാ കുടുംബത്തിൻറെ കഥ അദ്ദേഹം വിവരിക്കുന്നുണ്ട്. നൈജീരിയ ഇറാൻ അൽബേനിയ എന്നീ രാജ്യങ്ങളിൽ നിന്ന് എത്തിയ അഭയാർത്ഥികളെ സ്വാഗതം ചെയ്ത ഒരു കുടുംബത്തിൻറെ അനുഭവമാണത്. മൂന്നു രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾക്ക് അഭയം നൽകുക വഴി തന്റെ കുട്ടികളും കുടുംബവും ഒട്ടേറെ കാര്യങ്ങൾ പഠിച്ചുവെന്നു കുടുംബനാഥനായ ബെർട്രാൻഡ് ജോർജ് പറയുന്നു.

1914 ൽ പയസ് പത്താമന്മാർ പാപ്പയാണ് കത്തോലിക്കാ സഭയുടെ ആഗോള കുടിയേറ്റ അഭയാർത്ഥി ദിനാചരണം ആരംഭിച്ചത്. എല്ലാവർഷവും സെപ്റ്റംബറിലെ അവസാനത്തെ ഞായറാഴ്ചയാണ് ഈ ദിനാചരണം സംഘടിപ്പിച്ചു വരുന്നത്. "അഭയാർത്ഥികളും കുടിയേറ്റക്കാരുമൊത്ത് ഭാവി പടുത്തുയർത്തൽ" അതാണ് ഈ വർഷത്തെ 108മത് ആഗോള അഭയാർത്ഥി കുടിയേറ്റ ദിനാചരണത്തിന്റെ പ്രമേയം.

നമുക്കെല്ലാവർക്കും സാംസ്കാരികമായും ആത്മീയമായും വളരുന്നതിനുള്ള വലിയൊരു അവസരമാണ് അഭയാർത്ഥികളും കുടിയേറ്റക്കാരും നൽകുന്നതെന്ന് വീഡിയോ സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ ചൂണ്ടിക്കാട്ടുന്നു. അതിനാൽ സംസ്കാരങ്ങൾ തമ്മിലും മതങ്ങൾ തമ്മിലുള്ള സംഭാഷണം വളർത്തേണ്ടത് ആവശ്യമാണെന്നും പാപ്പാ പ്രസ്താവിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org