വത്തിക്കാന്‍ റേഡിയോ 95-ാം വാര്‍ഷികത്തില്‍

വത്തിക്കാന്‍ റേഡിയോ 95-ാം വാര്‍ഷികത്തില്‍
Published on

വത്തിക്കാന്‍ റേഡിയോ സ്ഥാപിതമായിട്ട് 95 വര്‍ഷങ്ങള്‍ ഫെബ്രുവരി 12 നു പൂര്‍ത്തിയായി. റേഡിയോ കണ്ടുപിടിച്ച മര്‍ക്കോണി തന്നെയാണ് പതിനൊന്നാം പിയൂസ് പാപ്പായുടെ ആഗ്രഹപ്രകാരം 1931 ഫെബ്രുവരി 12-ന് വത്തിക്കാന്‍ റേഡിയോ സ്ഥാപിച്ചത്. പ്രത്യാശയുടെ ക്രൈസ്തവസന്ദേശവും പത്രോസിന്റെ പിന്‍ഗാമിയുടെ വാക്കുകളും ലോകമെങ്ങും എത്തിച്ചുകൊണ്ട്, റേഡിയോ പ്രവര്‍ത്തനം തുടരുന്നു.

ലോകത്തിന്റെ വിവിധയിടങ്ങളില്‍ നടക്കുന്ന സംഭവങ്ങളെ, സഭയുടെ സാമൂഹ്യപ്രബോധനങ്ങളുടെ കണ്ണുകളിലൂടെ നോക്കിക്കാണാനും, സമൂഹത്തില്‍ ഐക്യം പ്രോത്സാഹിപ്പിക്കാനും, സത്യത്തിന് ശുശ്രൂഷ ചെയ്യാനും വേണ്ടി, ആയുധരഹിതവും, നിരായുധീകരിക്കുന്നതുമായ ഒരു ആശയവിനിമയശൈലി മുന്നോട്ടുവച്ചാണ് നാളിതുവരെ വത്തിക്കാന്‍ റേഡിയോ പ്രവര്‍ത്തിച്ചതെന്ന്, ഈ വാര്‍ഷികവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ എഡിറ്റോറിയലില്‍ വത്തിക്കാന്‍ റേഡിയോ - വത്തിക്കാന്‍ ന്യൂസിന്റെ എഡിറ്റോറിയല്‍ വിഭാഗത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ മാസ്സിമിലിയാനോ മെനിക്കെത്തി ലിയോ പതിനാലാമന്‍ പാപ്പായുടെ വാക്കുകളെ പരാമര്‍ശിച്ചുകൊണ്ട് എഴുതി.

നിര്‍മ്മിതബുദ്ധിയുടെ യുഗത്തില്‍, അതിന്റെ എല്ലാ നല്ല വശങ്ങളും, സാധ്യതകളും, സാങ്കേതികതയും കണക്കിലെടുക്കുമ്പോള്‍ത്തന്നെ, അല്‍ഗോരിതങ്ങൾക്കും ബിറ്റുകൾക്കും മനുഷ്യര്‍ക്ക് പകരമാകാന്‍ കഴിയില്ലെന്നും അവയ്ക്ക് പകരമാകരുതെന്നും മെനിക്കെത്തി ഓര്‍മ്മിപ്പിച്ചു. മര്‍ക്കോണിയുടെ കാലം മുതലേ, സാങ്കേതികത മനുഷ്യന്റെ സേവനത്തിനാണെന്നും, മനുഷ്യര്‍ സാങ്കേതികതയ്ക്കുവേണ്ടിയല്ല ജീവിക്കുന്നതെന്നുമാണ് വത്തിക്കാന്‍ റേഡിയോ എന്ന പാപ്പായുടെ റേഡിയോ കാണിച്ചുതരുന്നത്. പതിനൊന്നാം പിയൂസ് പാപ്പായുടെ ഈയൊരു വിശ്വാസത്തിന്റെ സാക്ഷ്യം കൂടിയാണ് വത്തിക്കാന്‍ റേഡിയോ.

യുദ്ധങ്ങളും, സമാധാനക്കരാറുകളും, ദുരിതങ്ങളും, തകര്‍ച്ചകളും, രാഷ്ട്രീയ, സാമൂഹിക മാറ്റങ്ങളും കണ്ട വത്തിക്കാന്‍ റേഡിയോ നാളിതുവരെ ഒന്‍പത് പാപ്പാമാര്‍ക്ക് സേവനമേകി. രണ്ടാം ലോകമഹായുദ്ധം, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍, ഏകാധിപത്യങ്ങള്‍, ജൂബിലികള്‍, സമീപകാല യുദ്ധങ്ങള്‍ തുടങ്ങിയ വിവിധ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്നില്‍ ക്രൈസ്തവസന്ദേശത്തിന്റെ പ്രകാശം പരത്തി, വത്തിക്കാന്‍ റേഡിയോ സേവനം തുടര്‍ന്നു.

അറുപത്തിയൊന്‍പത് രാജ്യങ്ങളില്‍നിന്നുള്ള ആളുകളാണ് വത്തിക്കാന്‍ റേഡിയോയില്‍ ഇന്ന് ജോലി ചെയ്യുന്നത്. റേഡിയോ, വീഡിയോ, ഇന്റര്‍നെറ്റ് തുടങ്ങി വിവിധ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുകൊണ്ട് അന്‍പത്തിയാറ് ഭാഷകളില്‍ വത്തിക്കാന്‍ റേഡിയോ - വത്തിക്കാന്‍ ന്യൂസ് ഇന്ന് പ്രവര്‍ത്തിച്ചുവരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org