
ക്ഷീരപഥം മൂലം കാഴ്ച മറഞ്ഞു കിടക്കുകയായിരുന്ന ഇരുപതിനായിരത്തോളം പുതിയ ഗ്യാലക്‌സികളിലേക്കു നോട്ടമെത്തിക്കാന്‍ വത്തിക്കാന്‍ വാനനിരീക്ഷണാലയത്തിലെ ജ്യോതിശാസ്ത്രജ്ഞര്‍ക്കു സാധിച്ചതായി വത്തിക്കാന്‍ അറിയിച്ചു. വര്‍ഷങ്ങളായി പുതിയ സാങ്കേതികവിദ്യകളുപയോഗിച്ചു നടത്തിവന്ന പരിശ്രമങ്ങളെ തുടര്‍ന്നാണ് വിദൂരസ്ഥങ്ങളായ നക്ഷത്രക്കൂട്ടങ്ങളിലേക്കു പുതിയ കാഴ്ച ലഭിച്ചതെന്നു പത്രക്കുറിപ്പ് അറിയിക്കുന്നു. ക്ഷീരപഥത്തിന്റെ ഘടനയെ കുറിച്ചും ഗ്യാലക്‌സികളുടെ രൂപീകരണത്തെ കുറിച്ചു പൊതുവിലും കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഈ ഗവേഷണങ്ങള്‍ കൊണ്ടു സാധിച്ചിട്ടുണ്ട്.
പതിനാറാം നൂറ്റാണ്ടില്‍ സ്ഥാപിതമായ വത്തിക്കാന്‍ വാനനിരീക്ഷണാലയം ജ്യോതിശാസ്ത്രരംഗത്തു നിരവധി സംഭാവനകള്‍ ഇതിനകം നല്‍കിയിട്ടുണ്ട്. മാര്‍പാപ്പാമാരുടെ വേനല്‍ക്കാലവസതിയായ ഗണ്ടോള്‍ഫോ കൊട്ടാരത്തോടു ബന്ധപ്പെട്ടു സ്ഥിതി ചെയ്യുന്ന വാനനിരീക്ഷണാലയത്തില്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പന്ത്രണ്ടോളം വൈദിക ശാസ്ത്രജ്ഞര്‍ ഗവേഷണങ്ങളിലേര്‍പ്പെട്ടിരിക്കുന്നു.