ഇസ്രായേല്‍-പലസ്തീന്‍ പ്രശ്‌നത്തിന് ദ്വിരാഷ്ട്രപരിഹാരമാണ് പ്രായോഗികമെന്നും ഈ വിഷയത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്നും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍ പ്രസ്താവിച്ചു. ഹമാസ് ബന്ദികളാക്കിയിരിക്കുന്ന ഇസ്രായല്‍ക്കാരെ മോചിപ്പിക്കണമെന്നും ഗാസയിലെ നിരപരാധികള്‍ ആക്രമിക്കപ്പെടരുതെന്നും കാര്‍ഡിനല്‍ ആവശ്യപ്പെട്ടു.
അന്താരാഷ്ട്രസമൂഹത്തിന്റെ പിന്തുണയോടെ ഇസ്രായേലും പലസ്തീനും നേരിട്ടു നടത്തുന്ന സംഭാഷണത്തിലൂടെ പരിഹാരം കണ്ടെത്താനാകും, ഇപ്പോഴത്തെ നിലയില്‍ അതു കൂടുതല്‍ ദുഷ്‌കരമായിട്ടുണ്ടെങ്കിലും, കാര്‍ഡിനല്‍ വിശദീകരിച്ചു. ക്രിസ്തു ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത നാട്ടില്‍ ക്രൈസ്തവര്‍ ഒരു അവശ്യഘടകമാണെന്നും കാര്‍ഡിനല്‍ പറഞ്ഞു. ക്രൈസ്തവസാന്നിദ്ധ്യമില്ലാത്ത പലസ്തീനിനെയോ ഇസ്രായേലിനെയോ ആര്‍ക്കും സങ്കല്‍പിക്കാനാവില്ല. ആരംഭം മുതല്‍ അവരവിടെ ഉണ്ട്. എക്കാലവും ഉണ്ടായിരിക്കുകയും ചെയ്യും. ഗാസയിലെ 150 ഓളം കുടുംബങ്ങളുള്ള കത്തോലിക്കാസമൂഹത്തെയും കാര്‍ഡിനല്‍ അനുസ്മരിച്ചു. അവര്‍ വലിയ സഹനം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഒരു അംഗം സഹിക്കുമ്പോള്‍ സഭ മുഴുവനുമാണു സഹിക്കുന്നത്. - കാര്‍ഡിനല്‍ ചൂണ്ടിക്കാട്ടി.