
വത്തിക്കാന്‍ ജ്യോതിശാസ്ത്ര ഗവേഷണകേന്ദ്രത്തിന്റെ പുതിയ ഡയറക്ടറായി ഇന്ത്യക്കാരനായ ഈശോസഭ വൈദികന്‍ ഫാദര്‍ റിച്ചാര്‍ഡ് ആന്റണി ഡിസൂസയെ ലിയോ പതിനാലാമന്‍ പാപ്പ നിയമിച്ചു. അടുത്ത സെപ്തംബര്‍ 19 ന് അദ്ദേഹം സ്ഥാനം ഏറ്റെടുക്കും. കഴിഞ്ഞ പത്തുവര്‍ഷങ്ങളായി കേന്ദ്രത്തിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചുവന്നിരുന്ന ബ്രദര്‍ ഗയ് കോണ്‍സല്‍മഞ്ഞോ കാലാവധിപൂര്‍ത്തിയാക്കുന്നതിനെ തുടര്‍ന്നാണ് ഈ പുതിയ നിയമനം.
ബഹിരാകാശ ദൂരദര്‍ശിനികളിലും നൂതന കമ്പ്യൂട്ടേഷണല്‍ സാങ്കേതിക വിദ്യകളിലും അവഗാഹമുള്ളയാളാണ് പുതിയ ഡയറക്ടര്‍. ഇന്ത്യയിലെ ഗോവയില്‍ 1978 ലാണ് ഫാ. ഡിസൂസ ജനിച്ചത്. 1996-ല്‍ അദ്ദേഹം ഈശോസഭയില്‍ ചേരുകയും, 2011-ല്‍ പുരോഹിതനായി അഭിഷിക്തനാകുകയും ചെയ്തു.
മുംബൈ സര്‍വകലാശാലയിലെ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദവും, ജര്‍മ്മനിയിലെ ഹൈഡല്‍ബര്‍ഗ് സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും, മ്യൂണിക്കിലെ ലുഡ്‌വിഗ് മാക്‌സിമിലിയന്‍ സര്‍വകലാശാലയില്‍ നിന്ന് ജ്യോതിശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
ഇന്റര്‍നാഷണല്‍ ആസ്‌ട്രോണമിക്കല്‍ യൂണിയനില്‍ അംഗമാണ് അദ്ദേഹം. അടുത്തിടെ ഒരു ഛിന്നഗ്രഹത്തിന്റെ കണ്ടെത്തലിന് അദ്ദേഹം നേതൃത്വം നല്‍കുകയും അതിന് അദ്ദേഹത്തിന്റെ പേരു നല്‍കുകയും ചെയ്തിട്ടുണ്ട്.