വിയറ്റ്‌നാമില്‍ നിന്നെത്തിയ അഭയാര്‍ത്ഥി അമേരിക്കയില്‍ മെത്രാനായി

വിയറ്റ്‌നാമില്‍ നിന്നെത്തിയ അഭയാര്‍ത്ഥി അമേരിക്കയില്‍ മെത്രാനായി

അമേരിക്കയിലെ അറ്റ്‌ലാന്റാ അതിരൂപതയുടെ സഹായമെത്രാനായി ജോണ്‍ നാങ് ട്രാനിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. 56 കാരനായ ബിഷപ് ട്രാന്‍ 9 വയസ്സുള്ളപ്പോഴാണ് തന്റെ കുടുംബത്തോടൊപ്പം ഒരു ചങ്ങാടത്തില്‍ അമേരിക്കയില്‍ വന്നിറങ്ങിയത്. വിയറ്റ്‌നാമില്‍ നിന്നു മെച്ചപ്പെട്ട ജീവിതം തേടി രക്ഷപ്പെട്ടു പോരികയായിരുന്നു ആ കുടുംബം. ലുസിയാനയില്‍ അഭയാര്‍ത്ഥികളായി സ്വീകരിക്കപ്പെട്ട ആ കുടുംബത്തില്‍ നിന്ന് ട്രാന്‍ സെമിനാരിയില്‍ ചേരുകയും 1992 ല്‍ ന്യൂ ഓര്‍ലിയന്‍സ് അതിരൂപതയ്ക്കു വേണ്ടി വൈദികപട്ടമേല്‍ക്കുകയും ചെയ്തു.

ബിഷപ്പിനു രണ്ടു വയസ്സുള്ളപ്പോള്‍ വിയറ്റ്‌നാമില്‍ വച്ച് അമ്മ ഒരു വെടിവയ്പില്‍ കൊല്ലപ്പെടുകയായിരുന്നു. പിതാവിനും വെടിയേറ്റെങ്കിലും ജീവഹാനി ഉണ്ടാകാതെ രക്ഷപ്പെട്ടു. പിന്നീടു ബിഷപ്പിന്റെ മൂത്ത സഹോദരന്‍ കുഴിബോംബ് പൊട്ടി കൊല്ലപ്പെട്ടു. അതിനു ശേഷമാണ് മറ്റു ബന്ധുക്കളോടൊപ്പം ഈ കുടുംബം അമേരിക്ക ലക്ഷ്യമാക്കി ആപല്‍ക്കരമായ സമുദ്രയാത്രയ്ക്കിറങ്ങിയത്. കടലില്‍ ലക്ഷം തെറ്റി, കുടിവെള്ളമില്ലാതെ അലയുമ്പോള്‍ ഒരു അമേരിക്കന്‍ കപ്പലാണ് ഇവരെ രക്ഷപ്പെടുത്തി കരയ്ക്കിറക്കിയത്. 2015 ല്‍ ബിഷപ് ട്രാന്‍ തന്റെ വൃക്ക ദാനം ചെയ്തിരുന്നു. ഒക്ലഹാമ അതിരൂപതയിലെ വിയറ്റ്‌നാം വംശജനായ ഒരു പുരോഹിതനാണ് അതു സ്വീകരിച്ചത്.

വളരെ വൈവിദ്ധ്യമുള്ള ഒരു വിശ്വാസിസമൂഹമാണ് അറ്റ്‌ലാന്റ് അതിരൂപതയിലുള്ളതെന്നും പുതിയ സഹായമെത്രാന്റെ നിയമനത്തെ അത്യാഹ്ലാദത്തോടെയാണു തങ്ങള്‍ സ്വാഗതം ചെയ്യുന്നതെന്നും അറ്റ്‌ലാന്റ ആര്‍ച്ചുബിഷപ് ഗ്രിഗറി ജെ ഹാര്‍ട്ട്‌മേയര്‍ പ്രസ്താവിച്ചു. മറ്റു രണ്ടു സഹായമെത്രാന്മാര്‍ കൂടി ഈ അതിരൂപതയ്ക്കുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org