വത്തിക്കാന്‍, ഉക്രെയിന്‍ വിദേശകാര്യമന്ത്രിമാര്‍ കീവില്‍ കൂടിക്കാഴ്ച നടത്തി

വത്തിക്കാന്‍, ഉക്രെയിന്‍ വിദേശകാര്യമന്ത്രിമാര്‍ കീവില്‍ കൂടിക്കാഴ്ച നടത്തി

വത്തിക്കാന്‍ വിദേശകാര്യമന്ത്രി ആര്‍ച്ചുബിഷപ് പോള്‍ ഗല്ലഘറും ഉക്രെയിന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലെബായും ഉക്രെയിനിന്റെ തലസ്ഥാനനമായ കീവില്‍ വച്ചു കൂടിക്കാഴ്ച നടത്തി. യുദ്ധം അവസാനിപ്പിച്ചു സമാധാനം സ്ഥാപിക്കുന്നതിന് ആവശ്യമായ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നു ആര്‍ച്ചുബിഷപ് ഗല്ലഘര്‍ പറഞ്ഞു. പ്രശ്‌നത്തിനു ശാശ്വതവും ന്യായവുമായ ഒരു പരിഹാരം കണ്ടെത്തുന്നതിനു എല്ലാ സഹായവും ചെയ്യാന്‍ പ.സിംഹാസനം സദാ സന്നദ്ധമാണെന്ന് ആര്‍ച്ചുബിഷപ് ആവര്‍ത്തിച്ചു വ്യക്തമാക്കി.

റഷ്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ വലിയ വിനാശങ്ങള്‍ നേരിട്ട ചില ജനവാസപ്രദേശങ്ങള്‍ വത്തിക്കാന്‍ വിദേശകാര്യമന്ത്രി സന്ദര്‍ശിച്ചു. യുദ്ധത്തില്‍ കൊല്ലപ്പെട്ടവരെ കൂട്ടമായി സംസ്‌കരിച്ച സ്ഥലങ്ങള്‍ ആര്‍ച്ചുബിഷപ് കണ്ടു. ഇതു ശരിക്കും ഭീകരമാണെന്നും ഉക്രെനിയന്‍ ജനതയ്ക്കുണ്ടായ ആഴമേറിയ മുറിവുകളില്‍ സ്പര്‍ശിക്കുകയും അവരുടെ തീവ്രമായ വിലാപങ്ങള്‍ കേള്‍ക്കുകയും ചെയ്യുന്ന അനുഭവമാണ് അതു പകര്‍ന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഉക്രെയിനെതിരായ റഷ്യയുടെ ആക്രമണത്തിന്റെ ഈ ഘട്ടത്തില്‍ ഉക്രെനിയന്‍ ജനതയോടു പ.സിംഹാസനം പുലര്‍ത്തുന്ന അടുപ്പം പ്രകടമാക്കുന്നതിനു വേണ്ടിയാണ് താന്‍ ഈ സന്ദര്‍ശനം നടത്തുന്നത്. ഉക്രെയിനിലെ മരണങ്ങളും അക്രമങ്ങളും നഗരങ്ങള്‍ക്കും അടിസ്ഥാനസൗകര്യങ്ങള്‍ക്കുമുണ്ടായിരിക്കുന്ന നാശനഷ്ടങ്ങളും ഞങ്ങള്‍ക്കെല്ലാം വലിയ വേദനയുണ്ടാക്കുന്നു. - ആര്‍ച്ചുബിഷപ് വിശദീകരിച്ചു.

യുദ്ധം തുടങ്ങിയ ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരം ഉക്രെയിന്‍ സന്ദര്‍ശിക്കുന്ന മൂന്നാമത്തെ വത്തിക്കാന്‍ പ്രതിനിധിയാണ് ആര്‍ച്ചുബിഷപ് ഗല്ലഘര്‍. മാര്‍പാപ്പയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന കാര്‍ഡിനല്‍ കോണ്‍റാഡ് ക്രജേവിസ്‌കി, മനുഷ്യവികസനകാര്യാലയം അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ കാര്‍ഡിനല്‍ മൈക്കിള്‍ സേര്‍ണി എന്നിവര്‍ ഇതിനകം ഒന്നിലധികം തവണ ഉക്രെയിന്‍ സന്ദര്‍ശിക്കുകയും സഭയുടെ പിന്തുണയറിയിക്കുകയും വിവിധ സഹായങ്ങളെത്തിക്കുകയും ചെയ്തു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org