ദക്ഷിണ അറേബ്യന്‍ വികാരിയാത്തിനു വീണ്ടും കപ്പുച്ചിന്‍ അജപാലകന്‍

ദക്ഷിണ അറേബ്യന്‍ വികാരിയാത്തിനു വീണ്ടും കപ്പുച്ചിന്‍ അജപാലകന്‍

യു എ ഇ, ഒമാന്‍, യെമെന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ദക്ഷിണ അറേബ്യന്‍ വികാരിയാത്തിന്റെ അദ്ധ്യക്ഷനായി ബിഷപ് പൗലോ മാര്‍ട്ടിനെല്ലിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇപ്പോള്‍ ഇറ്റലിയിലെ മിലാന്‍ അതിരൂപതയുടെ സഹായമെത്രാനായി പ്രവര്‍ത്തിക്കുകയാണ് കപ്പുച്ചിന്‍ സന്യാസസമൂഹാംഗമായ ബിഷപ് മാര്‍ട്ടിനെല്ലി. 2005 മുതല്‍ ബിഷപ് പോള്‍ ഹിന്‍ഡര്‍ ആയിരുന്നു അപ്പസ്‌തോലിക് വികാരി. സ്വിറ്റ്‌സര്‍ലന്റ് സ്വദേശിയും കപ്പുച്ചിന്‍ സന്യാസിയുമായ അദ്ദേഹത്തിന് 80 വയസ്സായി.

കൂടുതലും പ്രവാസികളും വിവിധ രാജ്യക്കാരുമായ ജോലിക്കാര്‍ അംഗങ്ങളായ ദക്ഷിണ അറേബ്യന്‍ വികാരിയാത്തില്‍ പത്തു ലക്ഷത്തോളം വിശ്വാസികളുണ്ട്. 16 ഇടവകകളിലായി അനേകം ഭാഷകളില്‍ ദിവ്യബലിയര്‍പ്പണങ്ങളും മറ്റ് ആത്മീയാവശ്യങ്ങളും നിര്‍വഹിക്കപ്പെടുന്നു. വികാരിയാത്ത് രൂപം കൊണ്ട കാലം മുതല്‍ കപ്പുച്ചിന്‍ സന്യാസിമാരാണ് ഇവിടെ അപ്പസ്‌തോലിക് വികാരിമാരായി നിയമിക്കപ്പെടാറുള്ളത്.

ബഹ്‌റിന്‍, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഉത്തര അറേബ്യന്‍ വികാരിയാത്തും ഗള്‍ഫ് രാജ്യങ്ങളിലെ കത്തോലിക്കര്‍ക്കായി ഉണ്ട്. ഇതിന്റെ അപ്പസ്‌തോലിക് വികാരിയായിരുന്ന ബിഷപ് കമില്ലോ ബാല്ലിന്‍ 2020 ല്‍ നിര്യാതനായതിനെ തുടര്‍ന്ന് ബിഷപ് പോള്‍ ഹിന്‍ഡര്‍ തന്നെ ഇവിടെ അഡ്മിനിസ്‌ട്രേറ്ററായി പ്രവര്‍ത്തിച്ചു വരികയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org