വിയറ്റ്‌നാമീസ് പ്രതിനിധിസംഘം മാര്‍പാപ്പയെ സന്ദര്‍ശിച്ചു

വിയറ്റ്‌നാമീസ് പ്രതിനിധിസംഘം മാര്‍പാപ്പയെ സന്ദര്‍ശിച്ചു

കമ്മ്യൂണിസ്റ്റ് ഭരണത്തിലുള്ള വിയറ്റ്‌നാമില്‍ നിന്നുള്ള ഒരു പ്രതിനിധി സംഘം വത്തിക്കാന്‍ എത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. മാര്‍പാപ്പ ഇതുവരെ സന്ദര്‍ശിക്കാത്ത രാജ്യങ്ങളില്‍ ഏറ്റവും അധികം കത്തോലിക്കരുള്ള രാജ്യങ്ങളില്‍ ഒന്നാണ് വിയറ്റ്‌നാം. കൂടിക്കാഴ്ച വളരെ ഭാവാത്മകമായ ഫലങ്ങളാണ് വത്തിക്കാന്‍ - വിയറ്റ്‌നാം ബന്ധങ്ങളില്‍ ഉണ്ടാക്കിയിട്ടുള്ളത് വത്തിക്കാന്‍ വിദേശകാര്യ മന്ത്രി ആര്‍ച്ചുബിഷപ് പോള്‍ ഗല്ലഘര്‍ പ്രസ്താവിച്ചു. ഏതാനും നടപടികള്‍ കൂടി സ്വീകരിക്കുമെങ്കില്‍ മാര്‍പ്പാപ്പ വിയറ്റ്‌നാം സന്ദര്‍ശിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

വിയറ്റ്‌നാമില്‍ 70 ലക്ഷം കത്തോലിക്കര്‍ ഉണ്ടെന്നാണ് കണക്ക്. 7 ലക്ഷം വിയറ്റ്‌നാമീസ് കത്തോലിക്കര്‍ അമേരിക്കയില്‍ പ്രവാസികളായി കഴിയുന്നുണ്ട്. വിയറ്റ്‌നാം യുദ്ധകാലത്ത് കടല്‍ മാര്‍ഗം അമേരിക്കയിലേക്ക് കടന്നവരാണ് ഇവര്‍.

കഴിഞ്ഞ മാസമാണ് ഒരു ആര്‍ച്ച്ബിഷപ്പിനെ സ്ഥിരം പ്രതിനിധിയായി മാര്‍പാപ്പ വിയറ്റ്‌നാമില്‍ നിയോഗിച്ചത്. 1975 ല്‍ പരിശുദ്ധ സിംഹാസനവുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം പൂര്‍ണ്ണ നയതന്ത്ര ബന്ധം വീണ്ടും സ്ഥാപിക്കുന്നതിലേക്കുള്ള ചരിത്രപ്രധാനമായ ഒരു ചുവടുവയ്പ് ആയിരുന്നു ഈ നിയമനം. വത്തിക്കാന്‍ വിദേശകാര്യ മന്ത്രിയും സ്റ്റേറ്റ് സെക്രട്ടറിയും ഈ വര്‍ഷം വിയറ്റ്‌നാം സന്ദര്‍ശിച്ചേക്കും. അങ്ങനെയെങ്കില്‍ അതും ചരിത്രപ്രധാനമായ ഒരു ഉന്നതല സന്ദര്‍ശനം ആയിരിക്കും.

ദൈവവിളികളില്‍ വലിയ വളര്‍ച്ചയുള്ള സഭയാണ് വിയറ്റ്‌നാമിലേക്ക് സര്‍ക്കാറിന്റെ കണക്കനുസരിച്ച് തന്നെ വിയറ്റ്‌നാമില്‍ 8000 കത്തോലിക്ക വൈദികരും 41 മെത്രാന്മാരും ഉണ്ട്. 2020 ലെ കണക്കനുസരിച്ച് 2800 വൈദികവിദ്യാര്‍ത്ഥികള്‍ വിയറ്റ്‌നാമില്‍ ഉണ്ട്. അയര്‍ലണ്ടില്‍ ഉള്ളതിന്റെ 100 ഇരട്ടിയാണിത്.

2023 സെപ്റ്റംബറില്‍ 7 മെത്രാന്മാര്‍ ഉള്‍പ്പെടുന്ന 90 അംഗ പ്രതിനിധി സംഘം വിയറ്റ്‌നാമീസ് കത്തോലിക്ക സഭയെ പ്രതിനിധീകരിച്ച് മംഗോളിയായില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശന വേളയില്‍ എത്തിച്ചേര്‍ന്നിരുന്നു.

logo
Sathyadeepam Weekly
www.sathyadeepam.org