ചൈനയിലെ കത്തോലിക്കാ മെത്രാന്മാ രെ നിയമിക്കുന്നതു സംബന്ധിച്ച് ചൈനാ ഭരണകൂടവുമായി ഉണ്ടാക്കിയിരുന്ന ഇടക്കാല ധാരണ പുതുക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍ പ്ര സ്താവിച്ചു. ചൈനയിലെ കത്തോലിക്കാസഭയുടെ ജീവിതം സാധാരണ നിലയിലേയ്ക്കു കൊണ്ടു വരാന്‍ ഇതുകൊണ്ടു കഴിയുമെന്നും കാര്‍ഡിനല്‍ പ്രത്യാശ പ്രകടിപ്പിച്ചു. സാധാരണ ജീവിതം നയിക്കാന്‍ ചൈനയിലെ സഭയെ പ്രാപ്തമാക്കുക, അതോടൊപ്പം പ. സിംഹാസനവുമായും മാര്‍പാപ്പയുമായും ബന്ധം പുലര്‍ത്താനും സാധിക്കുക. ഇതിനാണു സഭ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നു കാര്‍ഡിനല്‍ വ്യക്തമാക്കി. ഇറ്റാലിയന്‍ പ്രധാനമന്ത്രി നടത്തിയ ഒരു ചടങ്ങിനെത്തിയ കാര്‍ഡിനല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു.
2018 സെപ്തംബറിലാണ് ചൈനയും വത്തിക്കാനും തമ്മില്‍ ഒരു താത്കാലിക ഉടമ്പടിയില്‍ ഏര്‍പ്പെട്ടത്. അതിന്റെ കാലാവധി ഈ ഒക്‌ടോബറില്‍ പൂര്‍ത്തിയാകുകയാണ്. മെയിന്‍ലാന്‍ഡ് ചൈനയില്‍ അമ്പതോളം രൂപതകളില്‍ ഇപ്പോഴും മെത്രാന്മാരില്ല. കരാര്‍ നിലവില്‍ വന്നതിനു ശേഷവും പല പള്ളികളിലും കുരിശുകള്‍ എടുത്തു മാറ്റുന്നതു പോലെയുള്ള നടപടികള്‍ ഉണ്ടായതായി വാര്‍ത്തകളുണ്ടായിരുന്നു.
അതേസമയം, ചൈനാ-വത്തിക്കാന്‍ താത്കാലിക ഉടമ്പടി ഇരുകൂട്ടര്‍ക്കുമിടയില്‍ പരസ്പരവിശ്വാസവും അഭിപ്രായ ഐക്യവും വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചതായി ചൈനീസ് ഭരണകൂടത്തിന്റെ വക്താവ് പ്രസ്താവിച്ചു.