ബൈഡനെ പുകഴ്ത്തി വത്തിക്കാന്‍ പ്രസിദ്ധീകരണം

ബൈഡനെ പുകഴ്ത്തി വത്തിക്കാന്‍ പ്രസിദ്ധീകരണം

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ നേടിയ വിജയത്തെ ശ്ലാഘിക്കുന്ന ലേഖനം റോമില്‍ നിന്നുള്ള 'ല ചിവില്‍ത്ത കത്തോലിക്ക' എന്ന പ്രസിദ്ധീകരണത്തില്‍ പ്രത്യക്ഷപ്പെട്ടു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റിന്റെ അനുമതിയുള്ള ലേഖനങ്ങള്‍ മാത്രമാണ് ഈ ഈശോസഭാ പ്രസിദ്ധീകരണത്തില്‍ വരിക എന്നതിനാല്‍ സഭയുടെ നിലപാട് അറിയാന്‍ അന്താരാഷ്ട്ര നിരീക്ഷകര്‍ പരിശോധിക്കുന്ന പ്രസിദ്ധീകരണമാണിത്. കുടുംബം, ലൈംഗികത തുടങ്ങിയ ധാര്‍മ്മിക വിഷയങ്ങളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നിലപാട് സഭയുടേതില്‍ നിന്നു വിഭിന്നമായതിനാല്‍ ബൈഡനെ പ്രശംസിക്കുന്ന ലേഖനത്തിനു പ്രാധാന്യമുണ്ട്.
പഴയ മട്ടിലുള്ള ഡെമോക്രാറ്റിക് നേതാവായ ബൈഡന്‍ ചിന്താശീലനായ മനുഷ്യനാണെന്നു ലേഖനം വിലയിരുത്തുന്നു. അനേകം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരുടെ ഹൃദയത്തിലിടം നേടിയ നേതാവാണ് ബൈഡന്‍. ബൈഡന്‍ വിശ്വാസജീവിതം നയിക്കുന്ന ഒരു കത്തോലിക്കനാണെങ്കിലും തന്റെ മതാംഗത്വത്തെ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചില്ല. അമേരിക്കന്‍ ജനാധിപത്യത്തിന്റെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് അദ്ദേഹം പ്രവര്‍ത്തിച്ചത് – ഇറ്റാലിയന്‍ ജെസ്യൂട്ടായ ജോവാന്നി സെയില്‍ എഴുതിയ ലേഖനം വിശദീകരിക്കുന്നു. കാലാവസ്ഥാവ്യതിയാനവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച ആഗോള കരാറുകള്‍, ലോകാരോഗ്യസംഘടന തുടങ്ങിയവയോടു ട്രംപ് ഭരണകൂടം സ്വീകരിച്ച സമീപനങ്ങളെ ബൈഡന്‍ തിരുത്തുമെന്ന പ്രത്യാശ വത്തിക്കാന്‍ പുലര്‍ത്തുന്നുണ്ട്.
അതേസമയം അമേരിക്കന്‍ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ് ജോസ് ഗോമസ് ബൈഡന്റെ ഭാഗത്തു നിന്നുണ്ടായേക്കാവുന്ന നടപടികളില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. കത്തോലിക്കര്‍ക്കു പ്രിയപ്പെട്ട ചില മൗലിക മൂല്യങ്ങള്‍ക്കെതിരായ നയങ്ങളെ ബൈഡന്‍ പിന്തുണച്ചേക്കുമെന്ന് ആര്‍ച്ചുബിഷപ് ചൂണ്ടിക്കാട്ടി.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org