
ഉപഭോഗത്വരയും ഉദാസീനതയും കൊണ്ടു ക്രിസ്മസിനെ മലിനമാക്കരുതെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. പുല്‍ക്കൂടും ക്രിസ്മസ് മരവും പോലെയുള്ള ക്രിസ്മസ് പ്രതീകങ്ങള്‍ നമ്മുടെ ഹൃദയങ്ങളില്‍ മനുഷ്യാവതാരത്തിന്റെ സന്തോഷവും സമാധാനവും നിറയ്ക്കട്ടെയെന്നും മാര്‍പാപ്പാ പറഞ്ഞു. വത്തിക്കാനിലെ സെ.പീറ്റേഴ്‌സ് അങ്കണത്തില്‍ പുല്‍ക്കൂട് ഉദ്ഘാടനം ചെയ്ത പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.
ഈ വര്‍ഷം വത്തിക്കാനിലെ പുല്‍ക്കൂട് പെറുവില്‍ നിന്നാണ് എത്തിച്ചിരിക്കുന്നത്. പെറുവില്‍ നിന്നുള്ള പ്രതിനിധിസംഘത്തോടും മാര്‍പാപ്പ സംസാരിച്ചു. പെറുവിന്റെ ഇരുനൂറാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചാണ് വത്തിക്കാനിലെ പുല്‍ക്കൂട് ഒരുക്കാനുള്ള അവസരം പെറുവിനു നല്‍കിയത്. ആകെ 35 രൂപങ്ങളുള്ള പുല്‍ക്കൂടിലെ ആള്‍രൂപങ്ങള്‍ക്കെല്ലാം പെറുവിലെ പരമ്പരാഗത വേഷവിതാനങ്ങളാണ്. പെറുവിന്റെ ദേശീയപക്ഷിയായ പരുന്ത് പുല്‍ക്കൂട്ടിലുണ്ട്. ജ്ഞാനികളുടെ ഒട്ടകത്തിനു പകരം ഒട്ടകത്തോടു സാദൃശ്യമുള്ള, പെറുവിലെ ഒരു വളര്‍ത്തുമൃഗത്തെയാണ് വച്ചിരിക്കുന്നത്. ജ്ഞാനികളുടെ ഭാണ്ഡത്തിലും പെറുവില്‍ നിന്നുള്ള ഭക്ഷ്യവിഭവങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ പത്തിന് അനാവരണം ചെയ്ത വത്തിക്കാനിലെ പുല്‍ക്കൂട് ജനുവരി 9 നാണ് എടുത്തു മാറ്റുക.