
സ്വപ്നങ്ങള്‍ തകരുകയും അപ്രതീക്ഷിതമായ പ്രതിസന്ധികള്‍ ജീവിത്തിലുണ്ടാകുകയും ചെയ്യുമ്പോള്‍ അതിനെ എങ്ങനെ നേരിടണമെന്നതിനു വി.യൗസേപ്പിതാവ് വഴി കാണിച്ചു തരുന്നുവെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. നമ്മുടെ ജീവിതം കീഴ്‌മേല്‍ മറിക്കപ്പെടുന്നുവെന്നു തോന്നുമ്പോള്‍ കോപവും ഒറ്റപ്പെടലും പോലെയുള്ള നിഷേധാത്മകവികാരങ്ങള്‍ക്ക് അടിപ്പെടേണ്ട കാര്യമില്ല. അതു തെറ്റായ മാര്‍ഗമാണ്. പകലം ജീവിതത്തിലെ അത്ഭുതങ്ങളെയും പ്രതിസന്ധികളെ പോലും ശ്രദ്ധാപൂര്‍വം സ്വാഗതം ചെയ്യുകയാണു വേണ്ടത്.- മാര്‍പാപ്പ വിശദീകരിച്ചു. സെ.പീറ്റേഴ്‌സ് അങ്കണത്തില്‍ ത്രികാലപ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.
ഇത്തരം സാഹചര്യങ്ങളില്‍ ധൃതി പിടിച്ചു തീരുമാനങ്ങളെടുക്കുകയല്ല പരിഹാരമാര്‍ഗമെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി. മറിച്ച്, വി.യൗസേപ്പിതാവു ചെയ്തതു പോലെ എല്ലാ കാര്യങ്ങളും പരിഗണിക്കുക. ദൈവത്തിന്റെ കരുണയില്‍ ആശ്രയിക്കുക. വിവാഹനിശ്ചയം ചെയ്തിരിക്കുന്ന മറിയം ഗര്‍ഭവതിയാണെന്നറിഞ്ഞപ്പോള്‍ യൗസേപ്പിതാവിനു വേദനയും ഞെട്ടലും അസ്വസ്ഥതയും നിരാശയും തോന്നിയിട്ടുണ്ടാകാം. തന്റെ ലോകം ഇടിഞ്ഞു വീഴുന്നതായി അദ്ദേഹം അനുഭവിച്ചിട്ടുണ്ടാകാം. അത്തരം അവസരങ്ങളില്‍ യഹൂദനിയമം നല്‍കുന്ന മാര്‍ഗം സ്വീകരിക്കുകയല്ല ജോസഫ് ചെയ്തത്. കാരുണ്യത്തിന്റെ വഴിയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ഇതിനെ കുറിച്ചു ചിന്തിക്കുകയും വിലയിരുത്തുകയും ചെയ്തുകൊണ്ടിരുന്ന സമയത്ത് ദൈവം അദ്ദേഹത്തിനു പുതിയൊരു വെളിച്ചം കൊടുക്കുകയായിരുന്നു. മിശിഹായുടെ പിതാവാകുക എന്ന മഹത്വം ലഭിക്കുന്നതിന് സ്വന്തം പദ്ധതികള്‍ അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടി വന്നു. പ്രതിസന്ധികളുണ്ടാകുമ്പോള്‍ ദൈവത്തിന് ഇടപെടാനായി അവിടുത്തേക്ക് വാതിലുകള്‍ തുറന്നിടുക. - മാര്‍പാപ്പ വിശദീകരിച്ചു.