
ഉക്രെയിന്‍ യുദ്ധം തുടരുമ്പോള്‍ ഐക്യരാഷ്ട്രസഭയുടെ 'ഷണ്ഡത്വമാണു' നാം കാണുന്നതെന്നു ഫ്രാന്‍സിസ് പാപ്പ പ്രസ്താവിച്ചു. 'ഭൗമരാഷ്ട്രീയം' എന്ന പദപ്രയോഗം നാം കൂടെക്കൂടെ കേള്‍ക്കുന്നുണ്ട്. ദൗര്‍ഭാഗ്യവശാല്‍ അതിന്റെ യുക്തി എന്നത്, ഏറ്റവും ശക്തിയുള്ള രാജ്യങ്ങള്‍ക്ക് അവയുടെ സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാനും സാമ്പത്തിക സ്വാധീനപരിധി വര്‍ദ്ധിപ്പിക്കാനും പ്രത്യയശാസ്ത്ര-ആയുധ സ്വാധീനം വിപുലമാക്കാനും സാധിക്കുന്നു എന്നതാണ്. ഈ യുദ്ധത്തിലും നാം കാണുന്നത് അതാണ്.- മാര്‍പാപ്പ വിശദീകരിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നാം സമാധാനത്തിന്റെ നവയുഗത്തിന് അടിത്തറ പാകാനുള്ള പരിശ്രമങ്ങള്‍ നടത്തിയെന്നു പാപ്പാ ഓര്‍മ്മിപ്പിച്ചു. പക്ഷേ നാം ഒന്നും പഠിച്ചില്ല. വന്‍ശക്തികള്‍ തമ്മിലുള്ള കിടമത്സരമെന്ന പഴങ്കഥ തുടരുന്നു. - പാപ്പാ പറഞ്ഞു.
റഷ്യന്‍ സൈന്യം യുദ്ധക്കുറ്റങ്ങള്‍ ചെയ്യുന്നുവെന്നു ഉക്രെനിയന്‍ പ്രസിഡന്റ് സെലെന്‍സ്‌കി ഐക്യരാഷ്ട്രസഭയോടു പരാതിപ്പെട്ടതിന്റെ പിറ്റേന്നാണ് ഐക്യരാഷ്ട്രസഭയ്‌ക്കെതിരായ മാര്‍പാപ്പയുടെ വിമര്‍ശനം. ലോകത്തിലെ നിര്‍ണായകസ്ഥാപനമായ ഐക്യരാഷ്ട്രസഭ അക്രമത്തെ പ്രതിരോധിക്കാന്‍ ഒന്നും ചെയ്യുന്നില്ലെന്നു ഉക്രെനിയന്‍ പ്രസിഡന്റ് വിമര്‍ശിച്ചിരുന്നു.