
റഷ്യ ഉക്രൈനുമേല്‍ നടത്തിവരുന്ന യുദ്ധം കൂടുതല്‍ ശക്തമാക്കുന്നതിനെ ഉക്രൈന്‍ ഗ്രീക്ക് കത്തോലിക്കാ സഭാമേലധ്യക്ഷന്‍ മേജര്‍ ആര്‍ച്ച്ബിഷപ് സ്വിയത്തോസ്‌ളാവ് ഷെവ്ചുക് അപലപിച്ചു. അതിര്‍ത്തിപ്രദേശങ്ങളില്‍ ഒതുങ്ങി നിന്നിരുന്ന ആക്രമണങ്ങള്‍, സമാധാനപൂര്‍ണ്ണമായി ജീവിച്ചിരുന്ന നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ഇപ്പോള്‍ റഷ്യ അഴിച്ചുവിടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉക്രൈനിലെ ഡോണ്‍ബാസ്, ലുഹാന്‍സ്‌ക്, ഡോണെത്സ്‌ക് പ്രദേശങ്ങള്‍ ശക്തമായ ആക്രമണങ്ങളാണ് നേരിടുന്നതെന്നും അദ്ദേഹം അറിയിച്ചു.
ഉക്രൈന്‍ പട്ടാളത്തെക്കാള്‍ വളരെ വലിയ ഒരു സൈന്യനിരയാണ് റഷ്യന്‍ ഭാഗത്തുനിന്ന് ആക്രമണങ്ങള്‍ നടത്തുന്നതെന്നും, ജനുവരി പതിനാറിന് മാത്രം ഇരുപതോളം റഷ്യന്‍ ആക്രമണങ്ങളാണ് ഉക്രൈന്‍ പട്ടാളം ചെറുത്തുനിന്നതെന്നും മേജര്‍ ആര്‍ച്ച്ബിഷപ് ഷെവ്ചുക് പറഞ്ഞു. വിമാനവാഹിനിക്കപ്പലുകള്‍ക്കെതിരെ ഉപയോഗിക്കുന്ന ഒരു മിസൈല്‍ ഉപയോഗിച്ച് ജനുവരി പതിനാലിനു റഷ്യ ഉക്രൈനിലെ ഡ്നിപ്രൊ നഗരത്തില്‍ ജനസാന്ദ്രതയുള്ള ഒരു പ്രദേശത്ത് നടത്തിയ ആക്രമണത്തില്‍ 200-ലധികം അപ്പാര്‍ട്ടുമെന്റുകള്‍ നശിച്ചുവെന്ന് അദ്ദേഹം അറിയിച്ചു. ജനുവരി പതിനേഴ് വരെ മാത്രം നടത്തിയ തിരച്ചിലുകളില്‍ നാല്പത് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഉക്രൈനിലെ ഒരു നഗരവും ഗ്രാമവും സുരക്ഷിതമല്ലെന്ന ഭീതിയാണ് ഈ സംഭവം സൃഷ്ടിച്ചിരിക്കുന്നത്. ഫ്രാന്‍സിസ് പാപ്പായയും ഈ സംഭവത്തെ അപലപിക്കുകയും പ്രാര്‍ത്ഥനകള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
ഖെര്‍സണ്‍ പ്രദേശത്തും ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ റഷ്യന്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും, ഇവിടങ്ങളിലെ ആശുപത്രികള്‍ക്ക് നേരെയും ബോംബാക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു. കുട്ടികളും ഈ യുദ്ധത്തില്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്ന് ഓര്‍മ്മിപ്പിച്ച അദ്ദേഹം ജനുവരി 16 വരെയുള്ള കണക്കുകള്‍ പ്രകാരം 455 കുട്ടികള്‍ ഈ യുദ്ധത്തില്‍ മരിച്ചതായും 336 പേരെ കാണാതായതായും അറിയിച്ചു. 897 കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.