ഉക്രെയിനിലെ ഓര്‍ത്തഡോക്‌സ് സഭാവിഭാഗങ്ങള്‍ സംഭാഷണത്തിലേയ്ക്ക്

ഉക്രെയിനിലെ ഓര്‍ത്തഡോക്‌സ് സഭാവിഭാഗങ്ങള്‍ സംഭാഷണത്തിലേയ്ക്ക്

ഉക്രെയിനില്‍ രണ്ടു വിഭാഗങ്ങളായി പിരിഞ്ഞു നില്‍ക്കുന്ന ഓര്‍ത്തഡോക്‌സ് സഭാവിഭാഗങ്ങള്‍ തമ്മില്‍ സംഭാഷണമാരംഭിച്ചു. മോസ്‌കോ പാത്രിയര്‍ക്കീസിന്റെ കീഴിലുള്ള റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയോടുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഉക്രെയിനിലെ സഭയില്‍ പിളര്‍പ്പുണ്ടായത്. സോവ്യറ്റ് യൂണിയന്‍ തകരുകയും ഉക്രെയിന്‍ സ്വതന്ത്രരാജ്യമാകുകയും ചെയ്തപ്പോള്‍ ഉക്രെയിനിലെ ഓര്‍ത്തഡോക്‌സ് സഭയില്‍ വലിയൊരു വിഭാഗം റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയോടുള്ള ബന്ധം വിച്ഛേദിക്കുകയും ഒരു സ്വതന്ത്ര ദേശീയസഭയാകുകയും ചെയ്തിരുന്നു. അപ്പോഴും വേറൊരു വിഭാഗം റഷ്യന്‍ പാത്രിയര്‍ക്കീസിനു കീഴില്‍ തുടര്‍ന്നു. ഈ രണ്ടു വിഭാഗങ്ങളും തമ്മില്‍ പള്ളികളുടെയും ആശ്രമങ്ങളുടെയും ഉടമസ്ഥാവകാശത്തിന്റെയും മറ്റും പേരില്‍ വലിയ തര്‍ക്കങ്ങളും പതിവായിരുന്നു. റഷ്യ ഉക്രെയിന്‍ ആക്രമിച്ചതോടെ മോസ്‌കോ പാത്രിയര്‍ക്കേറ്റിനു കീഴിലുണ്ടായിരുന്ന വിഭാഗം പാത്രിയര്‍ക്കീസിനെ തള്ളിപ്പറയുകയും സ്വതന്ത്രമാകുകയും ചെയ്തിട്ടുണ്ട്. ഇതോടെയാണ് രണ്ടു സഭാവിഭാഗങ്ങളും തമ്മില്‍ സംഭാഷണം സാദ്ധ്യമായത്.

ഉക്രെയിന്‍ തലസ്ഥാനമായ കീവിലെ ചരിത്രപ്രധാനമായ സെ.സോഫിയാ കത്തീഡ്രലിന്റെ മെത്രാപ്പോലീത്തന്‍ ഭവനത്തിലായിരുന്നു സംഭാഷണം. സംഭാഷണത്തില്‍ ഇരുഭാഗത്തു നിന്നുമുള്ള ഇരുപതിലേറെ പുരോഹിതന്മാര്‍ പങ്കെടുത്തു. ഇരു സഭകളും തമ്മിലുള്ള വ്യത്യാസങ്ങളല്ല, മറിച്ച് യോജിപ്പിന്റെ ഘടകങ്ങളാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതെന്ന് പ്രതിനിധികള്‍ പറഞ്ഞു. ഇതേ ഓര്‍ത്തഡോക്‌സ് സഭയുടെ പൈതൃകം പേറുകയും എന്നാല്‍ കത്തോലിക്കാസഭയുടെ ഭാഗമായിരിക്കുകയും ചെയ്യുന്ന ഉക്രെയിനിലെ ഗ്രീക് കത്തോലിക്കാസഭയും ഈ സംഭാഷണങ്ങളെ താത്പര്യപൂര്‍വം പിന്തുടരുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org