ഉക്രെനിയന്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു

12 രാജ്യങ്ങളിലായി നാല്‍പതിലേറെ രൂപതകളുള്ള ഉക്രെനിയന്‍ സഭയില്‍ നാല്‍പതു ലക്ഷത്തിലധികം വിശ്വാസികളുണ്ട്.
ഉക്രെനിയന്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു
ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെ പ്രസിഡന്റായ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് 2021 നവംബര്‍ 11 ന് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നു.

കത്തോലിക്കാസഭയിലെ ഏറ്റവും വലിയ പൗരസ്ത്യ സ്വയാധികാരസഭയായ ഉക്രെനിയന്‍ ഗ്രീക് കത്തോലിക്കാസഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് സ്‌വ്യാത്തോസ്ലാവ് ഷെവ്ചുക് ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണുകയും പ്രതിസന്ധിഘട്ടങ്ങളില്‍ ഉക്രെനിയയ്ക്കു നല്‍കിയ പിന്തുണയ്ക്കു നന്ദി പറയുകയും ചെയ്തു. ഉക്രെനിയ പോലെയുള്ള സോവ്യറ്റ് അനന്തര രാജ്യങ്ങളിലെല്ലാം പണക്കാര്‍ കൂടുതല്‍ പണക്കാരും പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരുമാകുന്ന സങ്കീര്‍ണമായ സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളതെന്ന് മേജര്‍ ആര്‍ച്ചുബിഷപ് സൂചിപ്പിച്ചു. റഷ്യയുമായുള്ള സംഘര്‍ഷം തുടരുന്ന ഉക്രെനിയായില്‍ കാരിത്താസ് വഴി കത്തോലിക്കാസഭ നല്‍കിയ സഹായങ്ങള്‍ ലക്ഷകണക്കിനു ഉക്രെനിയക്കാര്‍ക്കു പ്രയോജനകരമായതായി അദ്ദേഹം പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായുള്ള മദ്ധ്യസ്ഥ സംഭാഷണത്തിന് വത്തിക്കാനായിരിക്കും ഏറ്റവും ഉചിതമായ സ്ഥലമെന്നു ഉക്രെനിയന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലെന്‍സ്‌കി മുമ്പു പ്രസ്താവിച്ചിട്ടുണ്ട്.

39 വയസ്സില്‍ അര്‍ജന്റീനയിലെ ഉക്രെനിയന്‍ രൂപതയിലെ സഹായമെത്രാനായ മേജര്‍ ആര്‍ച്ചുബിഷപ് ഷെവ്ചുക് രണ്ടു വര്‍ഷത്തിനുള്ളില്‍, 2011 ല്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായും തിരഞ്ഞെടുക്കപ്പെട്ടു. ഇപ്രകാരമൊരു പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് അദ്ദേഹം. 12 രാജ്യങ്ങളിലായി നാല്‍പതിലേറെ രൂപതകളുള്ള ഉക്രെനിയന്‍ സഭയില്‍ നാല്‍പതു ലക്ഷത്തിലധികം വിശ്വാസികളുണ്ട്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org