രണ്ടു വനിതകള്‍ക്കു കൂടി വത്തിക്കാനില്‍ പ്രധാന പദവികള്‍

രണ്ടു വനിതകള്‍ക്കു കൂടി വത്തിക്കാനില്‍ പ്രധാന പദവികള്‍
Published on

മെത്രാന്‍ സിനഡിന്റെ കോ-അണ്ടര്‍ സെക്രട്ടറിയായി സിസ്റ്റര്‍ നതാലി ബെക്വാര്‍ട്ടിനെയും വത്തിക്കാന്‍ സിറ്റി രാഷ്ട്രത്തിന്റെ അപ്പീല്‍ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടറായി കാറ്റിയ സമ്മറിയായെയും ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഈ പദവികളില്‍ വനിതകള്‍ നിയമിക്കപ്പെടുന്നത് ആദ്യമായാണ്.
മെത്രാന്‍ സിനഡില്‍ പങ്കെടുക്കാന്‍ മാത്രമല്ല വോട്ടു രേഖപ്പെടുത്താനും സിസ്റ്റര്‍ നതാലിക്ക് അവകാശമുണ്ടായിരിക്കും. സിനഡിലെ ചര്‍ച്ചകള്‍ക്കു ശേഷം തയ്യാറാക്കുന്ന അന്തിമ രേഖ അംഗീകരിക്കുന്നതിനുള്ള വോട്ടെടുപ്പില്‍ മെത്രാന്മാര്‍ക്കൊപ്പം അണ്ടര്‍ സെക്രട്ടറിക്കും വോട്ടു രേഖപ്പെടുത്താം. ഇതിനു മുമ്പ് നിരീക്ഷകരായും ആലോചനക്കാരായും സ്ത്രീകളെ മെത്രാന്‍ സിനഡില്‍ പങ്കെടുപ്പിച്ചിട്ടുണ്ടെങ്കിലും ഒരു സ്ത്രീക്ക് സിനഡില്‍ വോട്ടവകാശം ലഭിക്കുന്നത് ആദ്യമായിട്ടാണ്. 52 കാരിയായ സിസ്റ്റര്‍ നതാലി, ഫ്രാന്‍സ് സ്വദേശിയും സേവ്യര്‍ മിഷണറി സിസ്റ്റേഴ്‌സ് എന്ന സന്യാസസമൂഹത്തിലെ അംഗവുമാണ്.
വത്തിക്കാന്‍ സിറ്റി രാഷ്ട്രത്തിന്റെ അപ്പീല്‍ കോടതിയില്‍ പ്രമോട്ടര്‍ ഓഫ് ജസ്റ്റിസ് എന്ന പദവിയില്‍ നിയമിതയായ കാറ്റിയ സമ്മേറിയ 72 കാരിയും രണ്ടു മക്കളുടെ മാതാവുമാണ്. ഇറ്റാലിയന്‍ കോടതികളില്‍ ദീര്‍ഘകാലമായി അഭിഭാഷകയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. വത്തിക്കാന്‍ സാമ്പത്തികകാര്യങ്ങളുടെ മേല്‍നോട്ട സമിതിയില്‍ കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിസ് മാര്‍പാപ്പ ആറു വനിതകളെ ഒറ്റയടിക്കു നിയമിച്ചിരുന്നു. വത്തിക്കാന്‍ മ്യൂസിയം, വിദേശകാര്യമന്ത്രാലയം, പ്രസ് ഓഫീസ്, വിവിധ യൂണിവേഴ്‌സിറ്റികള്‍ എന്നിവിടങ്ങളിലും പ്രധാന പദവികളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വനിതകളെ ആദ്യമായി നിയമിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org