അയര്‍ലണ്ടില്‍ സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ച കുടുംബവുമായി ബന്ധപ്പെട്ട നിയമ ഭേദഗതിയെ ജനങ്ങള്‍ വന്‍ഭൂരിപക്ഷത്തില്‍ നിരാകരിച്ചു. കുടുംബം എന്നാല്‍ വിവാഹത്തിന്റെയോ മറ്റ് സുദീര്‍ഘ ബന്ധങ്ങളുടെയോ അടിസ്ഥാനത്തില്‍ രൂപീകൃതമാകുന്നതാണ് എന്ന ഭേദഗതിയാണ് കൊണ്ടുവരാന്‍ ഉദ്ദേശിച്ചിരുന്നത്. കുടുംബത്തിനുള്ളില്‍ സ്ത്രീകള്‍ക്കുള്ള പങ്കിനെയും അതുവഴി രാജ്യത്തിന് അവര്‍ നല്‍കുന്ന സംഭാവനകളെയും അംഗീകരിക്കുന്ന വകുപ്പില്‍ സ്ത്രീ എന്ന പദം എടുത്തു കളയാനുള്ള നീക്കവും നടത്തിയിരുന്നു. ഇതും വന്‍ഭൂരിപക്ഷത്തോടെ ജനം നിരാകരിച്ചു.
അഭിപ്രായ വോട്ടെടുപ്പില്‍ ഈ ഭേദഗതികള്‍ക്കെതിരെ വോട്ടുകള്‍ രേഖപ്പെടുത്തണം എന്നതായിരുന്നു കത്തോലിക്ക മെത്രാന്‍ സംഘത്തിന്റെയും ആവശ്യം. വ്യാപകമായ സാമൂഹ്യമാറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കെ, അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ശക്തമായ സന്ദേശമാണ് ഐറിഷ് ജനതയുടെ തീരുമാനം നല്‍കുന്നതെന്ന് പ്രചാരണ രംഗത്ത് ഉണ്ടായിരുന്ന സന്നദ്ധ സംഘടനകള്‍ ചൂണ്ടിക്കാട്ടി. വിവാഹത്തില്‍ അധിഷ്ഠിതമായ കുടുംബം തന്നെയായിരിക്കും സമൂഹത്തിന്റെ അടിസ്ഥാന ശില എന്ന പ്രഖ്യാപനമാണ് ഐറിഷ് ജനത ഇതിലൂടെ നടത്തിയത്. സാമൂഹ്യ മൂല്യങ്ങളുടെ സമഗ്രത നിലനിര്‍ത്താനുള്ള സംഘാതമായ ആഗ്രഹം ഈ വോട്ടെടുപ്പില്‍ പ്രകടമായി - സംഘടനകള്‍ ചൂണ്ടിക്കാട്ടി.