
മൊസാംബിക്കില്‍ ഇസ്ലാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയ സിസ്റ്റര്‍ മരിയ ഡി കോപ്പിയെ ഫ്രാന്‍സിസ് മാര്‍പാപ്പ ആദരപൂര്‍വം അനുസ്മരിച്ചു. സിസ്റ്ററുടെ സാക്ഷ്യം മൊസാംബിക്കിലെ ക്രൈസ്തവര്‍ക്കും മറ്റെല്ലാ ജനങ്ങള്‍ക്കും ശക്തിയും ധൈര്യവും പകരട്ടെയെന്നു പാപ്പാ ആശംസിച്ചു. കോംബോനി മിഷണറി സമൂഹത്തിലെ അംഗമായിരുന്ന സിസ്റ്റര്‍ മരിയയെ ഭീകരവാദികള്‍ വെടിവച്ചു കൊല്ലുകയായിരുന്നു. പള്ളിയും വിദ്യാര്‍ത്ഥികളുടെ ബോര്‍ഡിംഗും വൈദികമന്ദിരവും എല്ലാമുള്‍പ്പെടുന്ന സമുച്ചയത്തിനു നേരെ അഞ്ചു മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന അക്രമമാണ് നടന്നത്. ഇറ്റാലിയന്‍ സ്വദേശിയായ 83 കാരിയായ സിസ്റ്റര്‍ അറുപതോളം വര്‍ഷങ്ങളായി മൊസാംബിക്കിലെ പാവപ്പെട്ട ജനങ്ങള്‍ക്കു വേണ്ടി സേവനം ചെയ്തു വരികയായിരുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മൊസാംബിക്കില്‍ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരസംഘടനകളുടെ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്നു സഭാനേതാക്കള്‍ പറഞ്ഞു. ഇസ്ലാമികഭീകരവാദം മൂലം ആയിരകണക്കിനാളുകള്‍ ഇതിനകം മൊസാംബിക്കില്‍ ഭവനരഹിതരായിട്ടുണ്ട്. 2020 ലെ വിശുദ്ധവാരത്തില്‍ വിവിധ പട്ടണങ്ങളില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെ നടന്ന അക്രമങ്ങളില്‍ 52 യുവ ക്രൈസ്തവര്‍ കൊല്ലപ്പെട്ടിരുന്നു. 2017 മുതല്‍ ഇതുവരെ ആകെ ആയിരത്തിലേറെ പേര്‍ മൊസാംബിക്കില്‍ തീവ്രവാദ അക്രമങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.