
മാര്‍പാപ്പ വിയറ്റ്‌നാം സന്ദര്‍ശിക്കണമെന്ന ആവശ്യവുമായി വിയറ്റ്‌നാമില്‍ നിന്നുള്ള 90 അംഗ പ്രതിനിധിസംഘം ഏഴു മെത്രാന്മാരുടെ നേതൃത്വത്തില്‍ മംഗോളിയായില്‍ വച്ചു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പക്കല്‍ ഉന്നയിച്ചു. 70 ലക്ഷം കത്തോലിക്കരുള്ള രാജ്യമാണ് വിയറ്റ്‌നാമെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. വിയറ്റ്‌നാംകാരായ ഏഴു ലക്ഷം കത്തോലിക്കര്‍ അമേരിക്കയിലും കഴിയുന്നുണ്ട്. ആയിരത്തഞ്ഞൂറില്‍ താഴെ മാത്രം കത്തോലിക്കരുള്ള മംഗോളിയായില്‍ സന്ദര്‍ശനത്തിനെത്തിയ മാര്‍പാപ്പയുടെ വിവിധ പരിപാടികളില്‍ വിയറ്റ്‌നാമീസ് സംഘം പങ്കെടുത്തു.
വിയറ്റ്‌നാമിലെ സഭ നല്ല രീതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും സംഘം ചൂണ്ടിക്കാട്ടി. 2020 ലെ കണക്കനുസരിച്ച് 2,800 സെമിനാരി വിദ്യാര്‍ത്ഥികളാണ് വിയറ്റ്‌നാമില്‍ വൈദികപഠനം നടത്തിക്കൊണ്ടിരിക്കുന്നത്. കത്തോലിക്കാ രാജ്യമായി അറിയപ്പെടുന്ന അയര്‍ലണ്ടിലുള്ളതിന്റെ നൂറ് മടങ്ങാണിത്.
വത്തിക്കാനുമായി വിയറ്റ്‌നാമിനു പൂര്‍ണതോതിലുള്ള നയതന്ത്രബന്ധം ഇപ്പോഴില്ല. 2009 മുതല്‍ നടത്തി വരുന്ന സംഭാഷണങ്ങളെയും ഈ വര്‍ഷമാദ്യം വിയറ്റ്‌നാം പ്രസിഡന്റ് വോ വാന്‍ തുവോംഗ് നടത്തിയ വത്തിക്കാന്‍ സന്ദര്‍ശനത്തെയും തുടര്‍ന്ന് വിയറ്റ്‌നാമില്‍ വത്തിക്കാന്റെ ഒരു സ്ഥിരം പ്രതിനിധിയെ നിയോഗിക്കാന്‍ ഇപ്പോള്‍ ഭരണകൂടം അനുവദിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്‌നാമിന്റെ ഭരണഘടന മതസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെങ്കിലും പ്രയോഗതലത്തില്‍ നിരവധി നിയന്ത്രണങ്ങള്‍ അവിടത്തെ മതവിശ്വാസികള്‍ നേരിടുന്നുണ്ട്.