സൈക്കിളില്‍ യുവാക്കള്‍ ലിസ്ബണിലേക്ക്

സൈക്കിളില്‍ യുവാക്കള്‍ ലിസ്ബണിലേക്ക്
Published on

പോര്‍ട്ടുഗലിലെ ലിസ്ബണില്‍ നടക്കുന്ന ആഗോളയുവജനദിനാഘോഷത്തിന് വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് അനേകം യുവജനപ്രതിനിധികളെത്തിയത് സൈക്കിളുകളില്‍. പുരോഹിതരും യുവാക്കളുമുള്‍പ്പെടുന്ന സംഘങ്ങള്‍ ആയിരകണക്കിനു കിലോമീറ്ററുകളാണ് സൈക്കിളുകളില്‍ താണ്ടിയത്. പോളണ്ടില്‍ നിന്ന് ഫാ. മാര്‍സിന്‍ നപോരായുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘം 3,800 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയാണ് ലിസ്ബണിലെത്തിയത്. ഒരു ദിവസം ശരാശരി 180 കി.മീറ്റര്‍ വീതം 22 ദിവസങ്ങള്‍ തുടര്‍ച്ചയായി അവര്‍ സൈക്കിള്‍ സവാരി ചെയ്തു. കടന്നുപോകുന്ന വഴികളില്‍ വിവിധ കുടുംബങ്ങളാണ് അവര്‍ക്ക് ആതിഥ്യമേകിയത്. പ്രദേശത്തെ പള്ളികളില്‍ ഓരോ ദിവസവും അവര്‍ അതതു സമൂഹങ്ങള്‍ക്കൊപ്പം ദിവ്യബലിയര്‍പ്പിച്ചു. പുരോഹിത, സന്യസ്ത ദൈവവിളികളിലേക്കു ശ്രദ്ധയാകര്‍ഷിക്കുക എന്ന ലക്ഷ്യവും ഈ യാത്രക്കുണ്ടായിരുന്നതായി ഫാ.നാപോരാ പറഞ്ഞു.

ഫ്രാന്‍സില്‍ നിന്നു 17 അംഗങ്ങളുള്ള മറ്റൊരു സംഘത്തിന്റെ യാത്രയും ശ്രദ്ധിക്കപ്പെട്ടു. ഇവര്‍ക്കു ദൂരം താരതമ്യേന കുറവായിരുന്നു, 900 കിലോമീറ്റര്‍. ഒരു വൈദികനും ഏതാനും വൈദികവിദ്യാര്‍ത്ഥികളും മറ്റു യുവാക്കളും അടങ്ങുന്ന ഈ സംഘം പ്രതിദിനം 90 കിലോമീറ്റര്‍ വീതമാണ് സഞ്ചരിച്ചത്. ഫ്രാന്‍സില്‍ നിന്നു സ്‌പെയിന്‍ കടന്നാണ് അവര്‍ പോര്‍ട്ടുഗലിലെത്തിയത്.

സൈക്കിളുകള്‍ ഈ യുവജനദിനാഘോഷത്തില്‍ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. പാഴായ ലോഹവസ്തുക്കള്‍ പുനരുപയോഗിച്ചു ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച രണ്ടു സൈക്കിളുകള്‍ അതിന്റെ നിര്‍മ്മാതാക്കള്‍ നേരിട്ട് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു സമ്മാനിക്കുന്നുണ്ട്. പരിസ്ഥിതിക്കിണങ്ങിയതും ആരോഗ്യസംരക്ഷണത്തിനു സഹായകരവുമായ സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിക്കുക, പാഴ് വസ്തുക്കളുടെ പുനരുപയോഗം പ്രചരിപ്പിക്കുക എന്നതാണു സംഘാടകരുടെ ലക്ഷ്യം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org