മതസ്വാതന്ത്ര്യത്തിനു പാശ്ചാത്യലോകത്തും ഭീഷണിയുണ്ടെന്നു കാര്‍ഡിനല്‍ സാറാ

മതസ്വാതന്ത്ര്യത്തിനു പാശ്ചാത്യലോകത്തും ഭീഷണിയുണ്ടെന്നു കാര്‍ഡിനല്‍ സാറാ
Published on

മതസ്വാതന്ത്ര്യത്തിനെതിരായ ഭീഷണികള്‍ക്കു നിരവധി രൂപങ്ങളുണ്ടെന്നും പാശ്ചാത്യലോകത്തും ഈ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും കാര്‍ഡിനല്‍ റോബര്‍ട്ട് സാറാ പ്രസ്താവിച്ചു. ലോകമെങ്ങും വിശ്വാസത്തിനു വേണ്ടി ജീവന്‍ ത്യജിക്കേണ്ടി വരുന്ന വിശ്വാസികള്‍ ഇന്നുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വത്തിക്കാന്‍ ആരാധനാ-കൂദാശാ കാര്യാലയത്തിന്റെ അദ്ധ്യക്ഷനായി വിരമിച്ച കാര്‍ഡിനല്‍ സാറാ, തന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ചു നല്‍കിയ ഒരു അഭിമുഖത്തിലാണ് മതസ്വാതന്ത്ര്യം പാശ്ചാത്യരാജ്യങ്ങളില്‍ നേരിടുന്ന പരോക്ഷമായ ഭീഷണികളെ പരാമര്‍ശിച്ചത്. പ്രകടമായ എതിര്‍പ്പോ മതവിദ്വേഷമോ മാത്രമല്ല, ക്രൈസ്തവവിശ്വാസത്തിനെതിരായ ഗൂഢമായ പക്ഷാഭേദവും മതസ്വാതന്ത്ര്യത്തിനു ഭീഷണിയാണെന്നു കാര്‍ഡിനല്‍ അഭിപ്രായപ്പെട്ടു.

ദൈവജനത്തിനു ദൈവത്തെ ശരിയായ വിധത്തില്‍ ആരാധിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നു കാര്‍ഡിനല്‍ പറഞ്ഞു. കോവിഡ് കാലത്ത് വി.കുര്‍ബാനയര്‍പ്പണം വ്യാപകമായി വിലക്കിയതിനെ താന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്ന കാര്യം കാര്‍ഡിനല്‍ ഓര്‍മ്മിപ്പിച്ചു. വി.കുര്‍ബാനയാണ് ക്രൈസ്തവജീവിതത്തിന്റെ മകുടവും സ്രോതസ്സും. പകര്‍ച്ചവ്യാധികളും അടിയന്തിരസാഹചര്യങ്ങളും ഇനിയും നാം അഭിമുഖീകരിക്കേണ്ടതായി വന്നേക്കാം. വി.കുര്‍ബാനയര്‍പ്പണവുമായി ബന്ധപ്പെട്ട്, അവയെല്ലാം എങ്ങനെയാണു നേരിടേണ്ടതെന്ന സംവാദങ്ങലും ഉണ്ടാകും. അതു നല്ലതാണ്. ലിബറല്‍ ജനാധിപത്യങ്ങളില്‍ സംവാദങ്ങള്‍ വേണം. പക്ഷേ അപ്പോഴും ദൈവാരാധനയുടെ കാര്യം മറന്നു പോകരുത്. ലിബറല്‍ ജനാധിപത്യം ദൈവത്തെ മറക്കരുത്. - കാര്‍ഡിനല്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org