കുരിശിന്റെ വഴിയുടെ ധ്യാനങ്ങള്‍ എഴുതിയത് മാര്‍പാപ്പ

കുരിശിന്റെ വഴിയുടെ ധ്യാനങ്ങള്‍ എഴുതിയത് മാര്‍പാപ്പ

ദുഃഖവെള്ളിയാഴ്ച റോമിലെ ചരിത്രപ്രധാനമായ കൊളോസിയത്തില്‍ നടത്തിയ കുരിശിന്റെ വഴിക്കുവേണ്ടിയുള്ള 14 സ്ഥലങ്ങളിലെ ആത്മീയ വിചിന്തനങ്ങള്‍ ഇപ്രാവശ്യം എഴുതിയത് ഫ്രാന്‍സിസ് മാര്‍പാപ്പ നേരിട്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം പക്ഷേ അദ്ദേഹത്തിന് കുരിശിന്റെ വഴിയില്‍ പങ്കെടുക്കാനായില്ല. തന്റെ 11 വര്‍ഷത്തെ പാപ്പ ശുശ്രൂഷയ്ക്കിടയില്‍ ആദ്യമായിട്ടാണ് കുരിശിന്റെ വഴിയിലെ ധ്യാനം മാര്‍പാപ്പ എഴുതിയത്.

ഓരോ വര്‍ഷവും കൊളോസിയത്തിലെ കുരിശിന്റെ വഴിക്കുള്ള വിചിന്തനങ്ങള്‍ എഴുതാന്‍ വിവിധ വ്യക്തികളെയോ സംഘങ്ങളെയോ ചുമതലപ്പെടുത്തുന്ന പാരമ്പര്യം ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് 1985-ല്‍ ആരംഭിച്ചത്. 2000-ാമാണ്ടിലെ മഹാജൂബിലി വര്‍ഷത്തില്‍ ഈ വിചിന്തനങ്ങള്‍ പാപ്പ തന്നെയാണ് എഴുതിയത്.

എ ഡി ഒന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട കൊളോസിയത്തില്‍ കുരിശിന്റെ വഴിയിലെ 14 സ്ഥലങ്ങള്‍ സ്ഥാപിച്ചത് 1750-ല്‍ ബെനഡിക്ട് 14-ാമന്‍ മാര്‍പാപ്പയാണ്. 1959-ല്‍ ജോണ്‍ 23-ാമന്‍ മാര്‍പാപ്പ കൊളോസിയത്തിലെ കുരിശിന്റെ വഴിക്ക് നേരിട്ട് നേതൃത്വം നല്‍കി. 1964 മുതല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ നേതൃത്വത്തില്‍, കൊളോസിയത്തിലെ കുരിശിന്റെ വഴി റോമിലെ വിശുദ്ധവാര കര്‍മ്മങ്ങളുടെ ഒരു പ്രധാന ഭാഗമായി മാറി.

ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഓരോ വര്‍ഷത്തിന്റെയും കുരിശിന്റെ വഴിക്ക് ഓരോ പ്രമേയങ്ങള്‍ നിശ്ചയിച്ചിരുന്നു. യുദ്ധം, കുടിയേറ്റം തുടങ്ങിയവ അവയില്‍ ചിലതായിരുന്നു. 'യുദ്ധത്തിലായിരിക്കുന്ന ലോകത്തില്‍ സമാധാനത്തിന്റെ ശബ്ദങ്ങള്‍' എന്നതായിരുന്നു ഈ വര്‍ഷത്തെ കുരിശിന്റെ വഴിയുടെ പ്രമേയം. തന്റെ കഴിഞ്ഞ 10 വര്‍ഷത്തെ അപ്പസ്‌തോലിക പര്യടനങ്ങളില്‍ കണ്ടുമുട്ടിയ, വിവിധ സംഘര്‍ഷങ്ങളുടെ ഇരകളുടെ സാക്ഷ്യങ്ങള്‍ അദ്ദേഹം ധ്യാനത്തില്‍ ഉള്‍പ്പെടുത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org