ക്രിസ്തു മരിച്ചവരില്‍ നിന്നുയിര്‍ത്ത ദിവസമാണ് ചരിത്രത്തിലെ ഏറ്റവും പ്രധാനവും മനോഹരവുമായ ദിവസമെന്നു ഈസ്റ്റര്‍ സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ഉത്ഥാനത്തിലൂടെ കര്‍ത്താവ് നമുക്ക് ജീവനിലേക്കുള്ള പാലം നിര്‍മ്മിച്ചു. നാം ഒറ്റയ്ക്കല്ല. ജീവിക്കുന്നവനായ യേശു നമ്മോടൊപ്പമുണ്ട്. ഉത്ഥിതന്റെ ആദ്യസാക്ഷികള്‍ പിന്നീട് തിടുക്കത്തില്‍ നീങ്ങിയതായി സുവിശേഷങ്ങളില്‍ നാം വായിക്കുന്നു. ഈസ്റ്ററോടെ നമ്മുടെ യാത്രകള്‍ വേഗതയാര്‍ജിക്കുന്നു. വിശ്വാസത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ നാം തിടുക്കമുള്ളവരായിരിക്കണം. നമ്മുടെ സംഘര്‍ഷങ്ങളെയും വിഭാഗീയതകളെയും മറികടക്കാന്‍ നാം തിടുക്കം കാണിക്കണം. - 'നഗരത്തിനും ലോകത്തിനുമുള്ള സന്ദേശം' (ഉര്‍ബി എറ്റ് ഓര്‍ബി) എന്നു പരമ്പരാഗതമായി വിശേഷിപ്പിക്കപ്പെടുന്ന സന്ദേശത്തില്‍ മാര്‍പാപ്പ വിശദീകരിച്ചു.
തിടുക്കത്തിലുള്ള ഈ യാത്രയില്‍ നാം നിരവധി തടസ്സങ്ങളെ അഭിമുഖീകരിച്ചേക്കാമെന്നും അപ്പോള്‍ നാം കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കണമെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. സമാധാനത്തിലേക്കുള്ള യാത്രയില്‍ പ്രിയപ്പെട്ട ഉക്രെയിന്‍ ജനതയെ സഹായിക്കുക. റഷ്യന്‍ ജനതക്കുമേല്‍ ഈസ്റ്ററിന്റെ പ്രകാശം ചൊരിയപ്പെടട്ടെ. സിറിയ മുതല്‍ യുദ്ധം ബാധിച്ചിരിക്കുന്ന എല്ലായിടത്തും മുറിവേറ്റവര്‍ ആശ്വസിപ്പിക്കപ്പെടുകയും യുദ്ധവും സംഘര്‍ഷങ്ങളും അവസാനിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ക്കായി അന്താരാഷ്ട്ര സമൂഹത്തിന്റെ ഹൃദയങ്ങള്‍ തുറക്കപ്പെടുകയും ചെയ്യട്ടെ. - മാര്‍പാപ്പ വിശദീകരിച്ചു. ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം ഉള്‍പ്പെടെ യുദ്ധങ്ങളും ആഭ്യന്തരസംഘര്‍ഷങ്ങളും പ്രകൃതിദുരന്തങ്ങളും മൂലം ദുരിതമനുഭവിക്കുന്ന ഓരോ രാജ്യങ്ങളുടെയും പേരുകള്‍ മാര്‍പാപ്പ പരാമര്‍ശിച്ചു.