ഒരു മാര്‍പാപ്പ മാത്രമേ കത്തോലിക്കാസഭയ്ക്കുള്ളൂവെന്നും അതു ഫ്രാന്‍സിസ് പാപ്പായാണെന്നും വിരമിച്ച പാപ്പാ ബെനഡിക്ട് പതിനാറാമന്‍. തന്റെ സ്ഥാനത്യാഗത്തെ കുറിച്ച് ഗൂഢസിദ്ധാന്തങ്ങള്‍ പ്രചരിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണു ആ തീരുമാനം എടുക്കുകയും അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനത്യാഗത്തിന്റെ എട്ടാം വാര്‍ഷികത്തില്‍ ഒരു ഇറ്റാലിയന്‍ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഈ സിദ്ധാന്തങ്ങളെയും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തെയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയും കുറിച്ച് സംസാരിച്ചു.
മാര്‍പാപ്പ പദവിയില്‍ നിന്നു രാജി വയ്ക്കാനുള്ള തീരുമാനത്തെ തന്റെ നിരവധി സുഹൃത്തുക്കള്‍ എതിര്‍ത്തിരുന്നുവെന്നു ബെനഡിക്ട് പതിനാറാമന്‍ അനുസ്മരിച്ചു. 'മൗലികവാദികളായ' ചില സുഹൃത്തുക്കള്‍ ഇപ്പോഴും ദേഷ്യത്തിലാണ്. എന്റെ തീരുമാനത്തെ അംഗീകരിക്കാന്‍ അവര്‍ ഒരിക്കലും തയ്യാറായിരുന്നില്ല. ബുദ്ധിമുട്ടുള്ള ഒരു തീരുമാനമായിരുന്നു അത്. എങ്കിലും പൂര്‍ണബോധത്തോടെയാണ് ആ തീരുമാനം ഞാനെടുത്തത്. ശരിയായ കാര്യമാണു ചെയ്തതെന്ന് ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു. -അദ്ദേഹം വിശദീകരിച്ചു.
രാജിയുടെ കാരണമായി ഉയര്‍ന്നു വന്ന ഗൂഢസിദ്ധാന്തങ്ങളെയും ബെനഡിക്ട് പതിനാറാമന്‍ പരാമര്‍ശിച്ചു. വത്തിക്കാന്‍ രേഖകള്‍ പുറത്തായ വിവാദത്തെ തുടര്‍ന്നാണു രാജിയെന്നു ചിലര്‍ പറഞ്ഞു. സ്വവര്‍ഗലോബിയുടെ സമ്മര്‍ദ്ദമാണെന്നു അപവാദമുണ്ടായി. ലെഫേവ്ര്‍ പ്രസ്ഥാനത്തിലെ പുറത്താക്കപ്പെട്ട മെത്രന്മാരെ തിരിച്ചെടുത്തതും അതില്‍ പെട്ടിരുന്ന റിച്ചാര്‍ജ് വില്യംസണ്‍ യഹൂദവിരോധത്തിന്റെ പ്രസ്താവന നടത്തിയതുമാണ് കാരണമെന്ന പ്രചാരണവും ഉണ്ടായി. പക്ഷേ ഇവയൊന്നും ശരിയായിരുന്നില്ല. എന്റെ മനസാക്ഷി വളരെ വ്യക്തമാണ്. -അദ്ദേഹം വിശദീകരിച്ചു.