യാഥാസ്ഥിതിക സന്യാസസമൂഹത്തിന്റെ സ്‌കൂളുകള്‍ പൂട്ടാന്‍ വത്തിക്കാന്‍ ഉത്തരവിട്ടു

യാഥാസ്ഥിതിക സന്യാസസമൂഹത്തിന്റെ സ്‌കൂളുകള്‍ പൂട്ടാന്‍ വത്തിക്കാന്‍ ഉത്തരവിട്ടു
Published on

ഹെറാള്‍ഡ്‌സ് ഓഫ് ദ ഗോസ്പല്‍ എന്ന സന്യാസസമൂഹം ബ്രസീലില്‍ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചു പൂട്ടാന്‍ വത്തിക്കാന്‍ ഉത്തരവിട്ടു. കടുത്ത യാഥാസ്ഥിതികരായ ഈ സന്യാസസമൂഹം നടത്തുന്ന ബോര്‍ഡിംഗ് സ്‌കൂളുകള്‍ക്കെതിരെ പല തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്ന പശ്ചാത്തലത്തില്‍, വലിയ വിവാദങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനുള്ള മുന്‍കരുതലായിട്ടാണ് വത്തിക്കാന്റെ ഈ അതിവേഗ നടപടി വീക്ഷിക്കപ്പെടുന്നത്. ബോര്‍ഡിംഗിലാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു പിന്നീട് മാതാപിതാക്കളുമായി ബന്ധപ്പെടുന്നതിനുള്ള അവസരം നിഷേധിക്കുന്നു എന്നതടക്കമുള്ള ആരോപണങ്ങള്‍ ഈ സ്‌കൂളുകള്‍ക്കു നേരെ ഉയര്‍ന്നിരുന്നു. അച്ചടക്കത്തിന്റെ പേരിലുള്ള ഇത്തരം കാര്‍ക്കശ്യങ്ങളെ തള്ളിപ്പറഞ്ഞ വത്തിക്കാന്‍, കുട്ടികളെ അവരുടെ മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കാനായി മടക്കി അയക്കണമെന്നു സന്യാസസമൂഹത്തിന്റെ അധികാരികളോടു നിര്‍ദേശിച്ചു.
1999 ല്‍ ബ്രസീലിയന്‍ വൈദികനായ ജോ ക്ലാ ഡയസ് സ്ഥാപിച്ചതാണ് ഹെറാള്‍ഡ്‌സ് ഓഫ് ദ ഗോസ്പല്‍ എന്ന സമൂഹം. 2001 ല്‍ ഇതിന് അത്മായ സമര്‍പ്പിത സമൂഹമെന്ന അംഗീകാരം വത്തിക്കാന്‍ നല്‍കി. കമ്യൂണിസത്തിനും കത്തോലിക്കാ സഭയിലെ പുരോഗമനവാദത്തിനുമെതിരെ അറുപതുകളില്‍ ബ്രസീലിലാരംഭിച്ച ഒരു യാഥാസ്ഥിതിക പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഈ സമൂഹം രൂപീകൃതമായത്. പിന്നീട് പുരോഹിത, സന്യാസിനീ വിഭാഗങ്ങള്‍ ആരംഭിച്ചു. വലിയ കുരിശുരൂപമുള്ള ളോവയും ഉത്തരീയവും അരയില്‍ കെട്ടുന്ന ഇരുമ്പുചങ്ങലയും അതിലെ വലിയ ജപമാലയും മുട്ടൊപ്പമുള്ള കറുത്ത ബൂട്ടുകളും മറ്റുമായി വ്യത്യസ്തമായ വേഷവിതാനമാണ് ഇവരുടേത്. 78 രാജ്യങ്ങളിലായി മൂവായിരത്തോളം അംഗങ്ങളുണ്ട്. മേജര്‍ സെമിനാരി, ടി വി ചാനല്‍, റേഡിയോ നിലയങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, വെബ്‌സൈറ്റുകള്‍ എന്നിവയും ഉണ്ട്. 2017 ല്‍ വത്തിക്കാന്‍ ഈ സമൂഹത്തിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. സ്ഥാപകന്‍ തന്റെ പദവി രാജി വയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന് ഇപ്പോള്‍ 82 വയസ്സുണ്ട്. 2019 ല്‍ ഈ സമൂഹത്തിന്റെ ഭരണത്തിനായി മാര്‍പാപ്പ ഒരു പൊന്തിഫിക്കല്‍ കമ്മീഷണറെ ചുമതലപ്പെടുത്തി. കാര്‍ഡിനല്‍ റെയ്മുണ്ടോ ഡമാസിനോ അസിസ് ആണ് ആ ചുമതല വഹിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org