ദൈവശാസ്ത്രജ്ഞനായ ഹാന്‍സ് കുംഗ് നിര്യാതനായി

ദൈവശാസ്ത്രജ്ഞനായ ഹാന്‍സ് കുംഗ് നിര്യാതനായി
Published on

പ്രസിദ്ധ ദൈവശാസ്ത്രജ്ഞന്‍ ഫാ. ഹാന്‍സ് കുംഗ് (93) നിര്യാതനായി. സ്വിറ്റസര്‍ലന്റ് സ്വദേശിയായ അദ്ദേഹം ജര്‍മ്മനിയിലാണ് കഴിഞ്ഞിരുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ പങ്കെടുത്തിട്ടുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോടു പലപ്പോഴും സഭ കടുത്ത വിയോജിപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ വിവാദപുരുഷനുമായിരുന്നു. തന്റെ ബോദ്ധ്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നതില്‍ ഹാന്‍സ് കുംഗ് ഒരിക്കലും വീഴ്ച വരുത്തിയിട്ടില്ലെന്നു ജര്‍മ്മന്‍ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ അദ്ധ്യക്ഷന്‍ ബിഷപ് ജോര്‍ജ് ബാറ്റ് സിംഗ് അനുശോചനസന്ദേശത്തില്‍ പറഞ്ഞു. സുവിശേഷസന്ദേശം മനസ്സിലാക്കി കൊടുക്കുന്നതിനും ജനജീവിതങ്ങളില്‍ അതിനു സ്ഥാനം കണ്ടെത്തുന്നതിനും വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് അദ്ദേഹമെന്നും ബിഷപ് അഭിപ്രായപ്പെട്ടു.

1960 കളില്‍ ദൈവശാസ്ത്ര അദ്ധ്യാപകനെന്ന നിലയില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുള്ള കുംഗിന്റെയും ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെയും കടുത്ത അഭിപ്രായവ്യത്യാസങ്ങള്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയിട്ടുള്ളതാണ്. 2005-ല്‍ ഇരുവരും തമ്മില്‍ വത്തിക്കാനില്‍ വച്ച് മണിക്കൂറുകള്‍ നീണ്ട ഒരു കൂടിക്കാഴ്ച നടന്നു. സൃഷ്ടിപരവും സൗഹാര്‍ദ്ദപരവുമായിരുന്നു ആ കൂടിക്കാഴ്ചയെന്ന് വിശേഷിപ്പിച്ച ഹാന്‍സ് കുംഗ് പക്ഷേ, ബെനഡിക്ട് പതിനാറാമനെതിരായ വിമര്‍ശനങ്ങള്‍ പിന്നെയും തുടര്‍ന്നു. പാപ്പാ പദവിയെ കുറിച്ച് മദ്ധ്യകാല സങ്കല്‍പം പുലര്‍ത്തുന്നയാളാണ് ബെനഡിക്ട് പതിനാറാമനെന്നാണു കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം അഭിപ്രായപ്പെട്ടത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org