യൂറോപ്യന്‍ പാര്‍ലിമെന്റ് അദ്ധ്യക്ഷന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു

യൂറോപ്യന്‍ പാര്‍ലിമെന്റ് അദ്ധ്യക്ഷന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു

യൂറോപ്യന്‍ പാര്‍ലിമെന്റ് പ്രസിഡന്റ് ഡേവിഡ് സസ്സോലി വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി സംഭാഷണം നടത്തി. ഭ്രൂണഹത്യയെ അനുകൂലിക്കുന്ന ഒരു റിപ്പോര്‍ട്ട് പാര്‍ലിമെന്റ് അംഗീകരിച്ചതിനു ശേഷമുള്ള ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. ഏറ്റവും ബലഹീനരായ മനുഷ്യരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചായിരുന്നു സംഭാഷണമെന്നു യൂറോപ്യന്‍ പാര്‍ലിമെന്റ് പത്രക്കുറിപ്പില്‍ അറിയിച്ചു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിന്‍ പിയെട്രോ പരോളിന്‍, വിദേശകാര്യ സെക്രട്ടറി ആര്‍ച്ചുബിഷപ് പോള്‍ ഗാല്ലഘര്‍ തുടങ്ങിയവരുമായും പാര്‍ലിമെന്റ് പ്രസിഡന്റ് ചര്‍ച്ചകള്‍ നടത്തി. വരുമാനം കുറഞ്ഞ രാഷ്ട്രങ്ങള്‍ക്കു കോവിഡ് വാക്‌സിന്‍ ലഭ്യമാക്കേണ്ടതിനെ കുറിച്ച് ഈ നേതാക്കള്‍ സംസാരിച്ചുവെന്നു പത്രക്കുറിപ്പ് അറിയിക്കുന്നു.

ഭ്രൂണഹത്യ വൈദ്യചികിത്സയുടെ ഭാഗമാണെന്നു വിലയിരുത്തുന്ന ഒരു റിപ്പോര്‍ട്ടാണ് യൂറോപ്യന്‍ പാര്‍ലിമെന്റ് അംഗീകരിച്ചത്. ഇതു നിഷേധിക്കുന്നത് മനുഷ്യാവകാശനിഷേധമാണെന്ന നിലപാടും ഈ റിപ്പോര്‍ട്ട് പുലര്‍ത്തുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് പാര്‍ലിമെന്റ് അംഗീകരിച്ചുവെന്നതുകൊണ്ട്, അംഗരാഷ്ട്രങ്ങള്‍ ഇതേ നിലപാട് നിര്‍ബന്ധമായും സ്വീകരിക്കണമെന്നില്ല. യൂറോപ്യന്‍ യൂണിയനിലെ രണ്ട് അംഗരാഷ്ട്രങ്ങളായ പോളണ്ടിലും മാള്‍ട്ടായിലും ഭ്രൂണഹത്യ ഇപ്പോള്‍ അനുവദനീയമല്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org