
മാര്‍ച്ച് മാസത്തില്‍ ഇറാഖിലെത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ബഖ്ദിദായിലെ സു പ്രസിദ്ധമായ അല്‍ താഹിറ അമലോത്ഭവ മാതാ കത്തീഡ്രല്‍ സന്ദര്‍ശിക്കും. 2014 ല്‍ നഗരം പിടിച്ചെടുത്ത ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ കത്തീഡ്രലില്‍ കടന്നു കയറുകയും നാശനഷ്ടങ്ങളുണ്ടാക്കുകയും വെടിവയ്പു പരിശീലന കേന്ദ്രമാക്കി മാറ്റുകയും ചെയ്തിരുന്നു. 2016 ല്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ അധിനിവേശത്തില്‍ നിന്നു നഗരം വീണ്ടെടുത്തതിനെ തുടര്‍ന്ന് കത്തീഡ്രലില്‍ ദിവ്യബലിയര്‍പ്പണം പുനരാരംഭിച്ചു. കത്തീഡ്രലിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്കു യൂറോപ്യന്‍ സഭ ധനസഹായമെത്തിച്ചിരുന്നു.
കാറക്കോഷ് എന്നറിയപ്പെടുന്ന ഈ നഗരത്തിനു പുറ മെ ബാഗ്ദാദ്, മോസുള്‍ എന്നീ നഗരങ്ങള്‍ കൂടിയാണ് മാര്‍പാപ്പ സന്ദര്‍ശിക്കുക. മാര്‍ച്ച് അഞ്ചിന് ഇറാഖിലെത്തുന്ന മാര്‍പാപ്പ പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമി, പ്രസിഡന്റ് ബര്‍ഹാം സാലിഹ് എന്നിവര്‍ക്കു പുറമെ ഷിയാ മുസ്ലീം മതാചാര്യനായ അലി അല്‍ സിസ്താനിയുമായും കൂടിക്കാഴ്ച നടത്തും. അബ്രാഹമിന്റെ ജന്മസ്ഥലമായ ഉര്‍ പ്രദേശം സന്ദര്‍ശിക്കുന്ന മാര്‍പാപ്പ അവിടെ ഒരു മതാന്തര സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. നിനവേയില്‍ 2014 മുതല്‍ 2016 വരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ അക്രമങ്ങള്‍ക്കിരകളായ ക്രൈസ്തവസമൂഹവുമായി പാപ്പാ പ്രത്യേക കൂടിക്കാഴ്ച നടത്തും. കുര്‍ദിസ്ഥാനിലെ മത, രാഷ്ട്ര അധികാരികളെയും മാര്‍പാപ്പ കാണുന്നുണ്ട്. ആദ്യമായിട്ടാണ് ഒരു മാര്‍പാപ്പ ഇറാഖ് സന്ദര്‍ശിക്കുന്നത്.