നവംബര്‍ മാസത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സ്‌കോട്ട്‌ലന്‍ഡ് സന്ദര്‍ശിക്കും. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മാര്‍പാപ്പയുടെ യാത്ര. ഏതാനും മണിക്കൂറുകള്‍ മാത്രം നീളുന്ന സന്ദര്‍ശനമായിരിക്കും ഇതെന്നും പൊതുവായ വി. കുര്‍ബാനയര്‍പ്പണം ഉണ്ടായിരിക്കാനിടയില്ലെന്നും സ്‌കോട്ടിഷ് മെത്രാന്‍ സംഘം അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചു ശാസ്ത്രജ്ഞരും ലോകനേതാക്കളും ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നത് സഭയ്ക്കും മാര്‍പാപ്പയ്ക്കും ഈ വിഷയത്തോടുള്ള താത്പര്യവും പ്രതിബദ്ധതയും പ്രകടിപ്പിക്കാനാണ്. ഈ ഉച്ചകോടിക്കൊരുക്കമായ ചില പരിപാടികള്‍ വത്തിക്കാനിലും സംഘടിപ്പിച്ചിട്ടുണ്ട്.
2020 നവംബറില്‍ ആസൂത്രണം ചെയ്തിരുന്ന ഉച്ചകോടി കോവിഡിനെ തുടര്‍ന്നാണ് 2021 ലേക്കു മാറ്റിയത്. 120 രാഷ്ട്രത്തലവന്മാര്‍ സമ്മേളനത്തിനെത്തുമെന്നു ബിബിസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ചാള്‍സ് രാജകുമാരന്‍, ഗ്രേറ്റ തുന്‍ബെര്‍ഗ് തുടങ്ങിയവര്‍ പങ്കെടുക്കും.