മറഡോണയെ അനുസ്മരിച്ചും ഫുട്‌ബോള്‍ പ്രേമം പങ്കു വച്ചും മാര്‍പാപ്പ

മറഡോണയെ അനുസ്മരിച്ചും ഫുട്‌ബോള്‍ പ്രേമം പങ്കു വച്ചും മാര്‍പാപ്പ

കളിക്കളത്തില്‍ ഒരു കവിയും ജനലക്ഷങ്ങള്‍ക്കു ആനന്ദം പകര്‍ന്ന മഹാ താരവുമായിരുന്നു മറഡോണയെന്നു അര്‍ജന്റീനക്കാരന്‍ കൂടിയായ ഫ്രാന്‍സിസ് മാര്‍പാപ്പ അനുസ്മരിച്ചു. എ ന്നാല്‍ മയക്കുമരുന്നുപയോഗം അദ്ദേഹത്തിന്റെ അന്തസ്സിനെ ഹനിച്ചുവെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി. 1994 ലെ ലോകക്കപ്പില്‍ മറഡോണ മയക്കുമരുന്നുപയോഗിച്ചതായി ആരോപിക്കപ്പെ ട്ടിരുന്നു. മൂന്നു വര്‍ഷത്തിനു ശേഷം അര്‍ജന്റീനയില്‍ ക്ലബ് ഫുട്‌ബോള്‍ കളിക്കുമ്പോള്‍ കൊക്കെയിന്‍ ഉപയോഗിച്ചതായി കണ്ടെത്തി. വൈകാതെ അദ്ദേഹം കളിയില്‍ നിന്നു വിരമിക്കുകയും ചെയ്തു.
2014 ല്‍ വത്തിക്കാനില്‍ നടത്തിയ സമാധാനയാത്രയ്ക്കിടെയാണു താന്‍ മറഡോണയെ കണ്ടതെന്നു മാര്‍പാപ്പ പറഞ്ഞു. അന്നു മറഡോണ മാര്‍പാപ്പയ്ക്ക് തന്റേതു പോലെയുള്ള അര്‍ജന്റീനയുടെ പത്താം നമ്പര്‍ ജെഴ്‌സി സമ്മാനിച്ചിരുന്നു. മറഡോണയുടെ മരണ ത്തെക്കുറിച്ചറിഞ്ഞ താന്‍ അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും കുടുംബത്തെ ആശ്വസിപ്പിച്ചുകൊണ്ട് ഒരു ജപമാല കുടുംബത്തിന് അയച്ചു കൊടുക്കുകയും ചെയ്തുവെന്നു മാര്‍പാപ്പ അറിയിച്ചു. ഒരു ഇറ്റാലിയന്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് മാര്‍പാപ്പ മറഡോണയെയും തന്റെ ഫുട്‌ബോള്‍ പ്രേമത്തെയും കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചത്. 'നിര്‍മലമായ പരാജയമാണ് മലിനമായ വിജയത്തേക്കാള്‍ നല്ലത്' എന്നതാണു മറഡോണ സമ്മാനിച്ച ജേഴ്‌സിയില്‍ എഴുതിയിരുന്ന വാക്യമെന്നും കായികതാരങ്ങള്‍ക്കു മാത്രമല്ല എല്ലാവര്‍ക്കും ജീവിതകേളി നിര്‍വഹിക്കാനുള്ള ഏറ്റവും മനോഹരമായ മാര്‍ഗമാണ് അതെന്നും മാര്‍പാപ്പ പറഞ്ഞു.
ഫുട്‌ബോള്‍ പ്രേമിയും അര്‍ജന്റീനയിലെ സാന്‍ ലോറെന്‍സോ എന്ന ഫുട്‌ബോള്‍ ക്ലബ്ബിന്റെ ആരാധകനുമായിരുന്നു താനെന്നു മാര്‍പാപ്പ അഭിമുഖത്തില്‍ പറയുന്നു. കുട്ടിക്കാലത്തെ ഞായറാഴ്ചകളില്‍ സാന്‍ ലോറെന്‍ സോയുടെ കളികള്‍ കാണാന്‍ കുടുംബാംഗങ്ങളുമൊത്തു പോകാറുണ്ട്. 1986 ല്‍ അര്‍ജന്റീന ലോകക്കപ്പ് നേടുമ്പോള്‍ ജര്‍മ്മനിയില്‍ ഉപരിപഠനാര്‍ത്ഥം കഴിയുകയായിരുന്നു താന്‍. വിദേശത്തു തികഞ്ഞ ഏകാന്തതയിലായിരുന്നപ്പോള്‍ മാതൃരാജ്യം നേടിയ ആ വിജയം പങ്കുവയ്ക്കാന്‍ ആരുമില്ലായിരുന്നു. ആരെങ്കിലുമായി പങ്കുവയ്ക്കാന്‍ കഴിയുമ്പോഴാണ് സന്തോഷം മനോഹരമാകുന്നതെന്നു ഞാന്‍ അന്നു മനസ്സിലാക്കി – മാര്‍പാപ്പ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org