ലെബനോനിലെ പാത്രിയര്‍ക്കീസൂമാര്‍ മാര്‍പാപ്പായോടൊപ്പം പ്രാര്‍ത്ഥിച്ചു

ലെബനോനിലെ പാത്രിയര്‍ക്കീസൂമാര്‍ മാര്‍പാപ്പായോടൊപ്പം പ്രാര്‍ത്ഥിച്ചു
Published on

ലെബനോനിലെ വിവിധ ക്രൈസ്തവസഭകളുടെ മേധാവികള്‍ റോമിലെത്തുകയും മാര്‍പാപ്പായോടൊപ്പം തങ്ങളുടെ രാജ്യത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ മുഴുകുകയും ചെയ്തു. മാര്‍പാപ്പയുടെ ക്ഷണപ്രകാരമാണ് ഇതിനായി സഭാദ്ധ്യക്ഷന്മാര്‍ റോമിലെത്തിയത്. മാരൊണൈറ്റ്, മെല്‍കൈറ്റ്, ഗ്രീക് ഓര്‍ത്തഡോക്‌സ്, സിറിയന്‍ ഓര്‍ത്തഡോക്‌സ്, കല്‍ദായ, സിറിയന്‍ കാത്തലിക്, ഇവാഞ്ചലിക്കല്‍ സഭകളുടെ പാത്രിയര്‍ക്കീസുമാരും മേധാവികളും സായാഹ്നപ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. സെ. പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന പ്രാര്‍ത്ഥനയില്‍ അറബി, സുറിയാനി, അര്‍മീനയന്‍ ഭാഷകള്‍ ഉപയോഗിക്കപ്പെട്ടു.
ലെബനോന്‍ എന്നും സഹിഷ്ണുതയുടെയും ബഹുസ്വരതയുടെയും നാടായി തുടരണമെന്നു മാര്‍പാപ്പ പറഞ്ഞു. വിവിധ മതങ്ങളും വിശ്വാസങ്ങളും സംഗമിക്കുന്ന സാഹോദര്യത്തിന്റെ മരുപ്പച്ചയാകാനാണു ലെബനോനിന്റെ വിളി. മനസാക്ഷിയില്ലാത്ത താത്പര്യങ്ങള്‍ പുലര്‍ത്തുന്നവര്‍ക്ക് ഇരയായി ഈ രാജ്യത്തെ വിട്ടുകൊടുക്കാനാവില്ല.- മാര്‍പാപ്പ വിശദീകരിച്ചു.

ഒരു ക്രിസ്ത്യാനി രാഷ്ട്രത്തലവനായിരിക്കുന്ന ഏക അറബ് രാഷ്ട്രമാണ് ലെബനോന്‍. 60 ലക്ഷം ജനങ്ങളുള്ള ഇവിടെ 10 ലക്ഷം പേരും അഭയാര്‍ത്ഥികളാണ്. ലെബനോനിലെ ക്രൈസ്തസമൂഹത്തിനുണ്ടാകുന്ന പ്രതിസന്ധികള്‍ ഈ മേഖലയിലെ എല്ലാ രാജ്യങ്ങളിലെയും ക്രൈസ്തവരെ ബാധിക്കുമെന്ന ഉത്കണ്ഠ വത്തിക്കാനുണ്ട്.

രാഷ്ട്രീയ സ്തംഭനാവസ്ഥയെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണു ലെബനോന്‍. ബെയ്‌റൂട്ട് തുറമുഖത്തുണ്ടായ വന്‍ രാസവസ്തുസ്‌ഫോടനം ഉണ്ടാക്കിയ കെടുതികളും മറികടക്കേണ്ടതുണ്ട്. കോവിഡും രാജ്യത്തെ വളരെ ദോഷകരമായി ബാധിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org