അയല്‍രാജ്യമായ ലിത്വാനിയ സന്ദര്‍ശിച്ചു മടങ്ങിയ ബെലാറസിലെ കത്തോലി ക്കാ മെത്രാന്‍ സംഘത്തിന്റെ പ്രസിഡന്റിനെ മാതൃരാജ്യത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് അധികാരികള്‍ തടഞ്ഞു. ഇതേ തുടര്‍ന്നു വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി ആര്‍ച്ചുബിഷപ് പോള്‍ ഗല്ലഘര്‍ ബെലാറസിലെത്തി. ബെലാറസ് വിദേശകാര്യമന്ത്രി ഉള്‍പ്പെടെയുള്ള അധികാരികളുമായി അദ്ദേഹം സംഭാഷണം നടത്തി. ആര്‍ച്ചുബിഷപ് തദേവൂസ് കോണ്‍ഡ്രൂസിവിസിനെയാ ണ് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ബെലാറസ് അതിര്‍ത്തിയില്‍ തടഞ്ഞത്.
ബെലാറസില്‍ കഴിഞ്ഞ മാസം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. 80 ശതമാനം വോട്ടോടെ താന്‍ തിരഞ്ഞെടുക്കപ്പെട്ടതായി പ്രസിഡന്റ് പ്രഖ്യാപിച്ചെങ്കിലും അദ്ദേഹത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറി. പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്ന നയമാണ് ഭരണകൂടം സ്വീകരിച്ചത്. തിരഞ്ഞെടുപ്പിനു ശേഷം പ്രതിപക്ഷ രാഷ്ട്രീയക്കാരെ തടവിലിടുകയും രാജ്യത്തിനു പുറത്താക്കുകയും ചെയ്യുന്നതിനുള്ള നടപടികള്‍ക്കു തുടക്കമിട്ടിരുന്നു. തടങ്കല്‍ പേടിച്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പ്രധാന എതിരാളി അയല്‍ രാജ്യത്തേയ്ക്കു പലായനം ചെയ്തു.
ഭരണകൂടത്തിന്റെ നടപടികള്‍ക്കെതിരെ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ അദ്ധ്യക്ഷന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ബെലാറസില്‍ ഓര്‍ത്തഡോക്‌സുകാര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം വിശ്വാസികളുള്ളത് കത്തോലിക്കാസഭയിലാണ്. ആര്‍ച്ചുബിഷപ്പിനു മാതൃരാജ്യത്തേയ്ക്കു മടങ്ങിവരാന്‍ കഴിയുന്നതിനു വേണ്ടി കുരിശിന്റെ വഴികളും മറ്റും നടത്തി പ്രാര്‍ത്ഥനയിലാണ് ബെലാറസിലെ കത്തോലിക്കര്‍.